തിരുവനന്തപുരം: ബലാത്സംഗ കേസിൽ കുറ്റാരോപിതനായ എം. മുകേഷ് എംഎൽഎയെ സംരക്ഷിച്ച് സിപിഎം. മുകേഷ് രാജി വെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിനിമാ നയരൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കും. ഇ.പി. ജയരാജനെ വെട്ടിനിരത്തി ശ്രദ്ധ തിരിച്ച് മുകേഷിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. കടുത്ത പ്രതിഷേധം ഉയരുമ്പോഴും മുകേഷിന്‍റെ എംഎല്‍എ സ്ഥാനം സംരക്ഷിക്കുന്ന സിപിഎം നീക്കത്തിന് പിന്നില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ പരാജയപ്പെടുമെന്ന ഭീതിയാണെന്നും വിലയിരുത്തപ്പെടുന്നു.
ബലാത്സംഗം ഉൾപ്പെടെ ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന എംഎൽഎയും നടനുമായ എം. മുകേഷിനെ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടിലേക്ക് സിപിഎം എത്തിച്ചേർന്നു. മുകേഷ് രാജി വെക്കേണ്ടതില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മുടന്തൻ വാദങ്ങൾ നിരത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്. ധാർമ്മികതയുടെ പേരിൽ രാജി വെച്ച ശേഷം കുറ്റവിമുക്തനാക്കപ്പെട്ടാൽ ധാർമ്മികമായി തിരിച്ചിവരാനാകില്ലെന്നും അത് സാമാന്യ നീതി നിഷേധിക്കപ്പെടലാകും എന്നൊക്കെയുള്ള വിചിത്ര വാദങ്ങൾ ഒക്കെ നിരത്തിയാണ് പാർട്ടി മുകേഷിനെ സംരക്ഷിക്കുന്നത്.
അതേസമയം മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയിൽ നിന്നും ഒഴിവാക്കും. ബലാത്സംഗ കേസിൽ പ്രതിയായ മുകേഷിനെ ഈ സമിതിയിൽ നിന്നും ഒഴിവാക്കുന്നതൊഴിച്ച് എല്ലാ സംരക്ഷണവും നൽകുന്ന കാഴ്ചയാണ് കാണാനാകുന്നത്. സിപിഎം നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുവാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.