ഐസിസി ചെയർമാനായി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു

 

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ (ICC) ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും. 2024 ഡിസംബർ ഒന്നിന് ജയ് ഷാ ചുമതലയേറ്റെടുക്കുമെന്ന് ഐസിസി അറിയിച്ചു.

ചൊവ്വാഴ്ച വരെയായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയമുണ്ടായിരുന്നത്. മറ്റാരും മുന്നോട്ടുവരാതിരുന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഐസിസി ചെയർമാനാകുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ (35). 2019-ലാണ് ജയ് ഷാ ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്. 2022-ൽ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ ചെയർമാന്‍ ഗ്രെഗ് ബാർക്ലെയ്ക്ക് നവംബർ വരെയാണ് കാലാവധിയുള്ളത്. 2020 നവംബറില്‍ ഐസിസി ചെയർമാനായി ചുമതലയേറ്റ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാർക്ലെ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ കൂടി ചെയർമാനായിരിക്കാന്‍ താല്‍പര്യമില്ലെന്ന് ഗ്രെഗ് ബാർക്ലെ അറിയിച്ചിരുന്നു.

Comments (0)
Add Comment