എഡ്ജ്ബാസ്റ്റണില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാന്‍ ജയ് ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വിവാദത്തില്‍. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പേര് ഒഴിവാക്കിയതിനെ ചൊല്ലിയാണ് വിവാദം. ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍, പേസര്‍ ആകാശ് ദീപ്, ഒരു വിക്കറ്റ് പോലും നേടാത്ത സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ രവീന്ദ്ര ജദേജ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരുടെ പേരുകള്‍ കുറിപ്പില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. എന്നാല്‍, ഒന്നാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് ഉള്‍പ്പെടെ രണ്ട് ഇന്നിങ്‌സിലും കൂടി ഏഴു വിക്കറ്റുകള്‍ നേടിയ സിറാജിന്റെ പേര്‍ ജയ് ഷാ കുറിപ്പില്‍ പരാമര്‍ശിച്ചില്ല.
‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോരാട്ടവീര്യം പ്രകടമാക്കുന്ന ഒരു മികച്ച ടെസ്റ്റ് മത്സരം. ശുഭ്മന്‍ ഗില്ലിന്റെ 269 & 161 റണ്‍സ് അപൂര്‍വ നിലവാരമുള്ള ഇന്നിങ്‌സുകളായിരുന്നു, ആകാശ് ദീപിന്റെ 10 വിക്കറ്റ് നേട്ടം നിര്‍ണായകമായി. രവീന്ദ്ര ജദേജ, ഋഷഭ് പന്ത് എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോഡ്സില്‍ നടക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു’ -ജയാ ഷാ എക്‌സില്‍ കുറിച്ചു.
ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലീഷുകാരെ പ്രതിരോധത്തിലാക്കുന്നതില്‍ സിറാജിന്റെ ബൗളിങ് പ്രകടനം നിര്‍ണായക പങ്കുവഹിച്ചിരുന്നു. മുസ്ലിം ആയതുകൊണ്ടാണ് സിറാജിന്റെ പേര് ഒഴിവാക്കിയതെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. അതേസമയം 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഗില്ലും സംഘവും നേടിയത്. എഡ്ജ്ബാസ്റ്റണില്‍ ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-1 ന് ഒപ്പമെത്തി.