രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 61-മത് ചരമവാര്‍ഷികം കോണ്‍ഗ്രസ് രാജ്യമൊട്ടാകെ വിപുലമായി ആചരിച്ചു. നെഹ്‌റുവിന്റെ അന്ത്യവിശ്രമ സ്ഥലമായ ശാന്തിവനത്തില്‍ എത്തി സോണിയ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ അടക്കമുള്ളയിടങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
ഡല്‍ഹിയില്‍ നിരവധി നേതാക്കളാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി ശാന്തി വനത്തില്‍ എത്തി പൂഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അടക്കമുള്ള നേതാക്കളും പങ്കെടുത്തു. കെപിസിസിയില്‍ ജവഹര്‍ലാല്‍ നെഹറുവിന്റെ ഛായ ചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചന നടന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമകാലീന ഇന്ത്യയില്‍ നെഹ്റുവിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. സ്വതന്ത്ര ഭാരതം എങ്ങനെയായിരിക്കണം എന്ന കൃത്യമായ കാഴ്ചപ്പാട് നെഹ്റുവിന് ഉണ്ടായിരുന്നുവെന്ന് വി എം സുധീരന്‍ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് നെഹ്റുവിനെ മായ്ക്കാനുള്ള ശ്രമങ്ങള്‍ ആണ് മോദി ഭരണകൂടം നടത്തുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എറണാകുളം ഡിസിസിയില്‍ നടന്ന ചടങ്ങ് കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി. സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മറ്റ് ജില്ലകളിലും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.