രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഓർമയായിട്ട് ഇന്ന് 57 വർഷം. ഇന്ത്യയുടെ സമഗ്ര പുരോഗതി സ്വപ്നം കണ്ട ആ രാഷ്ട്രശിൽപി അതു സാക്ഷാത്കരിക്കാൻ നടത്തിയ നീക്കങ്ങൾ രാജ്യചരിത്രത്തിന്റെ ഭാഗമാണ്. വാഗ്ദാനങ്ങൾ നിറവേറ്റാനും കാതങ്ങൾ താണ്ടാനുമുണ്ടെന്ന ചിന്തയാണ് അദ്ദേഹത്തെ കർമനിരതനാക്കിയത്.
വിഭജനം സൃഷ്ടിച്ച മുറിവുകളും, അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളും, ബ്രിട്ടിഷുകാർ കാലിയാക്കിയ ഖജനാവും, പകർച്ച വ്യാധികളും. അത്തരം ഒരു അവസ്ഥയിൽ നിന്നു കൊണ്ടായിരുന്നു രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഭാരത്തെ വികസനത്തിലേക്ക് നയിച്ചത്. വിശാലമായ ലോകപശ്ചാത്തലത്തിലാണ് നെഹ്റു ഇന്ത്യയെ കണ്ടെത്തിയത്. അന്യൂനമായ ചരിത്രബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ചരിത്രം പഠിക്കുക മാത്രമല്ല ചരിത്രം സൃഷ്ടിക്കുകയും ചെയ്തു നെഹ്റു . ഐതിഹാസികവും ബഹുതലസ്പർശിയുമായിരുന്നു നെഹ്റുവിന്റെ സംഭവബഹുലമായ ജീവിതം. ലോകത്തു സമ്പൂർണ സമാധാനം നിലനിന്നുകാണാൻ നെഹ്റു ആഗ്രഹിച്ചു. ആ വഴിയേ അദ്ദേഹം നടത്തിയ നീക്കങ്ങൾ അർഥപൂർണമായിരുന്നുവെന്ന് കാലം തെളിയിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജനകോടികൾ നടത്തിയ ത്യാഗോജ്വല സമരങ്ങളിൽ സജീവമായി പങ്കെടുത്ത് നേതൃതലത്തിൽ മഹാമാതൃക സൃഷ്ടിച്ചപ്പോഴും സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനുവേണ്ടി ദീർഘവീക്ഷണത്തോടെ കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയപ്പോഴും വെറുമൊരു രാഷ്ട്രീയനേതാവിനെപ്പോലെയല്ല, ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനെപ്പോലെയാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇന്ത്യയെ ഹൃദയവും മനസുംകൊണ്ട് നെഹ്റു സ്നേഹിച്ചു. ആ സ്നേഹം എത്രമാത്രം അവ്യാജവും അഗാധവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിൽപത്രം വിളിച്ചുപറഞ്ഞു. ”എന്റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ, അങ്ങനെ ഈ മഹത്തായ മണ്ണിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാകാൻ കഴിയട്ടെ”
ഒരു പനിനീർപ്പൂവിന്റെ സ്നേഹസൗരഭ്യത്തോടെ കുട്ടികളെ സ്നേഹിച്ച നേതാവ്, പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ ഓർമിപ്പിച്ചിരുന്നു ചാച്ചാജി. തിരക്കുപിടിച്ച ജീവിതവേളയിലും കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നെഹ്റു സമയം കണ്ടെത്തി. നാം ഒത്തൊരുമിച്ച് മുന്നേറുന്നതിന് അനുസൃതമായി ഇന്ത്യയുടെ കരുത്ത് വർധിക്കുന്നു. നെഹ്റു ഒരിക്കൽ നമുക്ക് പറഞ്ഞു തന്നു. വർഗീയത ആളിക്കത്തിച്ച്, രാജ്യം ഭരിക്കുന്ന ഇന്നത്തെ കാലത്ത് ഈ വാക്കുകളുടെ പ്രസക്തി ഇരട്ടിയാകുന്നു. നവഭാരതശില്‍പിയുടെ ഓർമകള്‍ക്ക് മുന്നില്‍ പ്രണാമങ്ങളോടെ…