‘കിളിക്കൂട്ടം 2023’; ജവഹർ ബാൽ മഞ്ച് തിരുവനന്തപുരത്ത് സർഗാത്മക ക്യാമ്പ് സംഘടിപ്പിച്ചു | VIDEO

Jaihind Webdesk
Wednesday, January 18, 2023

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ചിന്‍റെ തിരുവനന്തപുരം ജില്ലാ സർഗാത്മക ക്യാമ്പ് (കിളിക്കൂട്ടം-2023) സംഘടിപ്പിച്ചു. ജില്ലാ ചീഫ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എ.എസ് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലയുടെ വിവിധ ബ്ലോക്കുകളിൽ നിന്നായി 180 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.  ഡിസിസി പ്രസിഡന്‍റ് പാലോട് രവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ നേരിടുന്ന ഭയാനമായ വെല്ലുവിളി വർഗീയതയാണെന്ന് അദ്ദേഹംപറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ വിഷയങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയവരെ ചടങ്ങിൽ ആദരിച്ചു.

തിരുമല കാർത്തിക കല്യാണമണ്ഡപത്തിൽ വെച്ച് ശനിയാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെറുപ്പും വിദ്വേഷവും വളർത്തി ഭാവി തലമുറയെ കശാപ്പ് ചെയ്യുകയാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡന്‍റ് പാലോട് രവി പറഞ്ഞു.  ജനാധിപത്യവും മതനിരപേക്ഷയും ഇന്ന് ശരശയ്യയിലാണ്. ചരിത്രം തിരുത്തിയെഴുതിയും ദേശീയ നേതാക്കളെ തമസ്ക്കരിച്ചും രാജ്യം വെട്ടിപ്പിടിക്കാനുള്ള പടയോട്ടത്തിലാണ് ഇന്ന് രാജ്യം ഭരിക്കുന്നവർ. അതിനു മാറ്റം കൊണ്ടുവരുവാൻ പുതുതലമുറയ്ക്കേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അതിന് നേതൃത്വം കൊടുക്കുവാൻ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിക്ക് സാധിക്കട്ടെ എന്നും പാലോട് രവി ആശംസിച്ചു.

ജവഹർ ബാല്‍ മഞ്ച് ജില്ലാ ചീഫ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എ.എസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ രാജാജി നഗർ മഹേഷ് സ്വാഗതം ആശംസിച്ചു. നേമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് തമലം കൃഷ്ണൻകുട്ടി സംസ്ഥാന കോർഡിനേറ്റർ ബിന്നി സാഹിതി, ജില്ലാ കോർഡിനേറ്റർമാരായ യൂസഫ് എം.എസ്, സന്ദീപ് കല്ലറ, മനു കെ.എസ്, രഞ്ജിത്ത് പോങ്ങുമ്മൂട്, ശ്രീലത എസ്, അമൽ ആറയൂർ എന്നിവർ സംസാരിച്ചു. ജില്ലാ കോർഡിനേറ്റർ സുമ എസ് കൃതജ്ഞത രേഖപ്പെടുത്തി.

കുട്ടികളുടെ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി ബാലറ്റ് സംവിധാനത്തിലൂടെ നടന്നു. രാജാജിനഗർ മഹേഷ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബാസിത് റഹ്മാൻ (പ്രസിഡന്‍റ്), സുഹൈറ (ജനറൽ സെക്രട്ടറി), അഭിനവ് ആർ.എസ് (ട്രഷറർ), ശ്രേയ പത്മകുമാർ, വിശാഖൻ പി.എൽ (വൈസ് പ്രസിഡന്‍റ്) ശിവപ്രിയ എ, ആനി വി ജോൺ (സെക്രട്ടറിമാർ), മറിയം എസ്, ദിയ ബി.എസ്, അജ്മിയ, ഹരിനന്ദൻ ബി.ടി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. സമാപന സമ്മേളനം ജവഹർ ബാൽ മഞ്ച് സംസ്ഥാന ചീഫ് കോർഡിനേറ്റർ ആനന്ദ് കണ്ണശ്ശ ഉദ്ഘാടനം ചെയ്തു. ദേശീയ ഗാനാലാപനത്തോട് കൂടി ക്യാമ്പിന് പരിസമാപ്തി കുറിച്ചു.

 

https://www.youtube.com/watch?v=rWgtiCsocfQ