കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകമാകുമ്പോഴും ആരോഗ്യ വകുപ്പ് അനാസ്ഥ തുടരുന്നു. വാർത്ത കഴിഞ്ഞ ദിവസം ജയ്‌ഹിന്ദ് ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. മുന്നുറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടും പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാനോ പ്രതികരിക്കാനോ ജില്ലാ മെഡിക്കൽ ഓഫീസർ തയാറായില്ല. ഇതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
മന്ത്രി ടി.പി രാമകൃഷ്ണന്‍റെ സ്വന്തം മണ്ഡലമായ പേരാമ്പ്രയിൽ ആണ് ആരോഗ്യ വകുപ്പ് കടുത്ത അനാസ്ഥ കാട്ടുന്നത്. മഞ്ഞപ്പിത്തം വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതികരണം ആരാഞ്ഞ ജയ്‌ഹിന്ദ് ടി.വി യോട് മറുപടി പറയാന്‍ പോലും ജില്ലാ മെഡിക്കൽ ഓഫീസർ തയാറായില്ല. ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥക്കെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
പ്രദേശത്തെ ഒരു വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തവർക്കാണ് വ്യാപകമായി മഞ്ഞപ്പിത്തം പിടിപെട്ടിരിക്കുന്നത്. ഇതുവരെയും മുന്നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ചങ്ങരോത്ത് പ്രദേശവാസികളാണ്. രോഗം തിരിച്ചറിയാനുള്ള ടെസ്റ്റുകളോ, പ്രതിരോധ മരുന്നുകളോ പോലും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഇത്തരമൊരു സാഹചര്യത്തില്‍ പോലും നാമമാത്രമായ ബോധവത്കരണ ക്ലാസുകളും, കിണർ ക്ലോറിനേഷനും അപ്പുറത്തേക്ക് യാതൊരു നടപടിയും ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഭീതിജനകമായ രീതിയിൽ രോഗം പടരുമ്പോഴും ആരോഗ്യ വകുപ്പ് തുടരുന്ന കടുത്ത അനാസ്ഥക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.