ജപ്പാനില്‍ ലാന്‍റിംഗിനിടെ വിമാനത്തിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു

Jaihind Webdesk
Tuesday, January 2, 2024

ജപ്പാനില്‍ ലാന്റിംഗിനിടെ വിമാനത്തിന് തീപിടിച്ചു. റണ്‍വേയില്‍ പറന്നിറങ്ങിയ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎല്‍ 516 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടുത്തമുണ്ടായത്. അതേസമയം ജപ്പാന്‍ എയര്‍ലൈന്‍സിലെ 379 യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോസ്റ്റ് ഗാർഡ്  വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചു.

ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് അപകടം നടന്നത്. ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചതാണ് തീപിടിക്കാൻ കാരണം. ജപ്പാന്‍ എയര്‍ലൈന്‍സിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. റണ്‍വേയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനത്തിന് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ വിന്‍ഡോകളിലും താഴെയും തീ പടരുന്നതും വീഡിയോയില്‍ കാണാം.