ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 62 ആയി; മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Wednesday, January 3, 2024

ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 62 ആയി. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി അധികൃതർ. തിങ്കളാഴ്ചയായിരുന്നു ജപ്പാനില്‍ ഭൂകമ്പമുണ്ടായത്.

പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾക്ക് കാരണമാവുകയും തീപിടിത്തമുണ്ടാവുകയുമായിരുന്നു. സംഭവത്തില്‍ വന്‍തോതില്‍ നാശനഷ്ടമുണ്ടായി. ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഭൂകമ്പങ്ങളുടെ ഒരു നിര തന്നെ ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷം ഇഷികാവ പ്രിഫെക്ചറിലും സമീപ പ്രദേശങ്ങളിലും തുടർചലനങ്ങൾ ഉണ്ടായി.

നൂറുകണക്കിന് കെട്ടിടങ്ങൾ തീയിൽ നശിക്കുകയും വീടുകൾ തകരുകയും ചെയ്തു. 62 പേർ മരിച്ചതായും 22 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. 31,800-ലധികം ആളുകൾ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.