ജനീഷ് കുമാർ എംഎല്‍എയുടെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ അനധികൃത നിയമനം ; അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം

Jaihind News Bureau
Thursday, October 22, 2020

 

പത്തനംതിട്ട: കോന്നി എം.എൽ.എ കെ യു ജനീഷ് കുമാറിന്‍റെ  ഭാര്യക്ക്  സഹകരണ ബാങ്കിൽ അനധികൃത നിയമനം. വൻ ക്രമക്കേട് കണ്ടെത്തിയ സിപിഎം നിയന്ത്രണത്തിലുള്ള സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ  ഭാര്യയെ നിയമ വിരുദ്ധമായി നിയമിച്ചതിനെതിരെ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ട അന്വേഷണം  എംഎൽഎ  അട്ടിമറിക്കുന്നതായും ആരോപണം.

ജനീഷ് കുമാറിന്‍റെ  ഭാര്യയെ 2017 ൽ പ്യൂൺ തസ്തികയിലേക്കാണ് സീതത്തോട് സഹകരണ ബാങ്കിൽ നിയമിയച്ചത്.  സഹകരണ സംഘം രജിസ്ട്രാറുടെ 11/99 ആം നമ്പർ സർക്കുലറിന് വിരുദ്ധമായാണ് നിയമനം. നേരത്തെ എംഎൽഎ ഇതേ സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്നു. തന്‍റെ ജോലി രാജിവെച്ച് ഭാര്യയെ നിയമിക്കുകയായിരുന്നു.

ഡിഗ്രി‌ പാസായവർക്ക് സഹകരണ സംഘം സ്ഥാപനങ്ങളിൽ പ്യൂൺ തസ്തികയിൽ സ്ഥിരനിയമനം പാടില്ലെന്ന ചട്ടം നില നിൽക്കെയാണ് ഡിഗ്രി പൂർത്തിയാക്കിയ എംഎൽഎയുടെ ഭാര്യയെ നിയമിച്ചതെന്നാണ് പരാതി. നിയമനം ജോയിന്‍റ് രജിസ്ട്രാർ തടഞ്ഞപ്പോൾ ഡിഗ്രി  പാസായില്ലെന്ന് സത്യവാങ്മൂലം കൊടുക്കുകയായിരുന്നു. നിലവില്‍ ജൂനിയർ ക്ലാർക്കായി സ്ഥാനകയറ്റം ലഭിച്ചതും ചട്ട വിരുദ്ധമായാണ്.

എംഎൽഎയുടെ ഭാര്യയുടെ നിയമവിരുദ്ധ നിയമനത്തിനെതിരെ സീതത്തോട് മാലത്തറയിൽ വീട്ടിൽ ശ്യാമള ഉദയഭാനു സഹകരണ സംഘം വിജിലൻസ്  ഡി.വൈ.എസ്.പി, സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ എന്നിവർക്കു പരാതി നൽകിയിരുന്നു.  സിപിഎം പ്രവർത്തകരായതൊഴിൽ രഹിതരായ വിദ്യാസമ്പന്നർ ഏറെയുള്ളപ്പോൾ ഭാര്യയുടെ ജോലി സംരക്ഷിക്കുവാൻ എം എൽ എ നടത്തുന്ന ഇടപെടലുകളിൽ പാർട്ടിക്കുള്ളിലും കലാപം തുടങ്ങിയിട്ടുണ്ട്.