സ്പ്രിങ്ക്ളർ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി ജനയുഗം; ഡാറ്റാ സുരക്ഷ സുപ്രധാനമെന്ന് മുഖപ്രസംഗം

Jaihind News Bureau
Monday, April 20, 2020

സ്പ്രിങ്ക്ളർ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി സിപിഐ മുഖപത്രമായ ജനയുഗം. ഡാറ്റാ സുരക്ഷ സുപ്രധാനമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു എന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.

സ്പ്രിങ്ക്ളർ ഇടപാടിനെക്കുറിച്ച്  മന്ത്രിസഭയില്‍ ചർച്ച ചെയ്യാതിരുന്നതിനെക്കുറിച്ച് എതിർപ്പുണ്ടെങ്കിലും പരസ്യമാക്കില്ലെന്നും എന്നാല്‍ അത് അറിയിക്കും എന്നും സിപിഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും സിപിഎം കേരളനേതൃത്വത്തിന്‍റെയും നിലപാടുകള്‍ക്കെതിരെ ഒളിയമ്പുമായി സിപിഐ മുഖപത്രത്തിന്‍റെ മുഖപ്രസംഗം പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സിപിഐയുടെ നിലപാടായി തന്നെ വ്യാഖ്യാനിക്കാം.   വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവര സമാഹരണമാണെന്നും വിവരസമ്പദ് ഘടനയുടെ ഏറ്റവും വലിയ വിപണി ഇന്നും ഇനിയും വരാനിരിക്കുന്ന ദശകങ്ങളിലും ഈ രാജ്യങ്ങളായിരിക്കുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

 

മുഖപ്രസംഗത്തിന്‍റെ പൂർണരൂപം :

വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, വിവര അഥവ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. സ്വര്‍ണം തുടങ്ങിയ അമൂല്യ ലോഹങ്ങള്‍, പെട്രോളിയം ഉല്പന്നംപോലുള്ള തന്ത്രപ്രധാന പ്രകൃതി വിഭവങ്ങള്‍ എന്നിവയുടെ സ്ഥാനത്ത് സമാഹൃതവിവരം ഡിജിറ്റല്‍ ‍യുഗത്തില്‍ ‍സമ്പദ്ഘടനയുടെയും സാമ്പത്തിക വ്യവഹാരങ്ങളുടെയും അടിത്തറയായി മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പത്ത് ഉല്പാദനത്തിന്റെയും മൂലധന കേന്ദ്രീകരണത്തിന്‍റെയും ചൂതാട്ട സമാനമായ ലാഭഗണനയുടെയും നിര്‍ണായക ഘടകമായിരിക്കുന്നു സമാഹൃത വിവരം.

അതുകൊണ്ടുതന്നെ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യത അതിന്റെ സുരക്ഷിതത്വം എന്നിവ ഡിജിറ്റല്‍, വിവര, വിനിമയ സാങ്കേതിക വിദ്യകളുടെ ലോകത്ത് അതീവ പ്രാധാന്യം കെെവരിക്കുന്നു. വിവര ലഭ്യതയും അതിന്റെ വിനിയോഗവും ആയിരിക്കും സമ്പത്തിന്റെ നിയന്ത്രണം ആരുടെ പക്കലെന്നു നിര്‍ണയിക്കുക. ഡാറ്റാ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോണ്‍, ഗൂഗിള്‍, ഫേ­സ്ബുക്ക് തുടങ്ങിയ ആ­ഗോള കമ്പനികള്‍. അ­വര്‍ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികള്‍ അവരുടെ വ്യവസായ‑വാണിജ്യ സാമ്രാജ്യങ്ങള്‍ കെ­ട്ടിപ്പടുത്തിരിക്കുന്നത്. ഡാറ്റ അത്തരം ക­മ്പനികള്‍ സാമ്പത്തി­ക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തതു സംബന്ധിച്ച വന്‍ വിവാദങ്ങള്‍ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ ഏറെ നിര്‍ണായകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. അവ കെെവശമില്ലാത്തവര്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇന്ത്യയില്‍ ‘ആധാര്‍’ എന്നറിയപ്പെടുന്ന ‘യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ‑യുഐഡിഎഐ’ വ്യാപകമായ എതിര്‍പ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാവുന്നതാണ്. അത് ഡാറ്റാ സമാഹരണം നടത്തുന്ന സ്ഥാപനത്തിനും അതില്‍ ഉള്‍പ്പെട്ട വ്യക്തിക്കും കടുത്ത സാമ്പത്തിക നഷ്ടങ്ങളടക്കം ഗണ്യമായ ചേതത്തിനു കാരണമായേക്കാം. ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല. ഡാറ്റാ സ്വകാര്യത എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ നിയമപരമായി ആര്‍ക്കൊക്കെ എന്തിനുവേണ്ടി ലഭ്യമാകും എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഡാറ്റാ സുരക്ഷിതത്വമാകട്ടെ ആര് എവിടെ സമാഹൃത വിവരങ്ങള്‍ സൂക്ഷിക്കുന്നുവെന്നതും അതിന്റെ നിയന്ത്രണം സംബന്ധിച്ച പ്രക്രിയയെ അഥവ നിയമവ്യവസ്ഥയെ സംബന്ധിച്ച കാര്യങ്ങളാണ്. ഡാറ്റ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും സ്വതന്ത്രമായ നിലനില്പ് ഇല്ല. അവ പരസ്പരപൂരകങ്ങളാണ്. സ്വകാര്യത കൂടാതെ സുരക്ഷിതത്വമോ സുരക്ഷിതത്വം കൂടാതെ സ്വകാര്യതയ്ക്കോ നിലനില്പില്ല. വിവര സമ്പദ്ഘടനയുടെ അഥവാ ഡാറ്റാ ഇക്കോണമിയുടെ ആരോഗ്യപരവും ക്രിയാത്മകവുമായ വളര്‍ച്ചയ്ക്ക് ഡാറ്റാ സുരക്ഷിതത്വവും സ്വകാര്യതയും നിയമപരമായി ഉറപ്പുവരുത്തേണ്ടതുണ്ട്. വികസിത യൂറോപ്യന്‍ രാജ്യങ്ങളടക്കം പാശ്ചാത്യലോകത്ത് വിവരസുരക്ഷിതത്വം, സ്വകാര്യത എന്നിവ സംബന്ധിച്ച് ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. എന്നാല്‍ അവയിലേറെയും വിവര സമ്പദ്ഘടനയില്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞ മൂലധന ശക്തികള്‍ക്ക് ഏറെ അനുകൂലമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നു. വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവര സമാഹരണമാണ്.

വിവര സമ്പദ്ഘടനയുടെ ഏറ്റവും വലിയ വിപണി ഇന്നും ഇനി വരാനിരിക്കുന്ന ദശകങ്ങളിലും ഈ രാജ്യങ്ങളായിരിക്കും. ഈ കാലഘട്ടത്തില്‍ മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സമസ്ത ആശയങ്ങളെയും ആവശ്യങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വിവരസാങ്കേതിക വിദ്യ നിര്‍ണായക പങ്കാണ് ഇന്നും തുടര്‍ന്നും നിര്‍വഹിക്കുക. വിവരശേഖരങ്ങളുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന മൂലധന താല്പര്യങ്ങള്‍ക്ക് ആ പ്രക്രിയയില്‍ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് കെെവന്നിരിക്കുന്നത്. സ്വാഭാവികമായും തങ്ങളുടെ ലാഭാര്‍ത്തിക്ക് അനുയോജ്യമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തില്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്നു.