വിലപേശലില്‍ ഇടതുമുന്നണിയെ കുഴക്കി ജനതാദൾ എസ്; മുന്നണി മാറാന്‍ മടിയില്ലെന്നും മുന്നറിയിപ്പ്

Jaihind Webdesk
Monday, March 4, 2019

ജനതാദൾ എസിന്‍റെ അവകാശവാദം ഇടതുമുന്നണിയെ കുഴക്കുന്നു. ഒരു സീറ്റ് കൂടിയേ തീരുവെന്ന വിലപേശലിലാണ് ജനതാദൾ എസ്. ഒരു സീറ്റ് നൽകുന്നില്ലെങ്കിൽ മുന്നണി മാറാനും മടിയില്ലെന്നും അത്തരം പാരമ്പര്യം തങ്ങൾക്കുണ്ടെന്നും ജനതാദൾ എസ് നേതൃത്വം ഇടത് മുന്നണിക്ക് മുന്നറിയിപ്പും നൽകി .

വടകര കോഴിക്കോട് തിരുവനന്തപുരം മണ്ഡലങ്ങളിൽ ഏതെങ്കിലും സീറിറിൽ മത്സരിക്കാൻ ഇടത് മുന്നണി സീറ്റ് നൽകുന്നി#്‌ലെങ്കിൽ മുന്നണി വിടാനും തയ്യാറാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടിയെ പിൻവലിച്ച് പുറത്തുപോകാനും തയാറാണെന്ന് ജനത്ദൾ എസ് നേതൃത്വം വ്യക്തമാക്കിയതോടെ സീറ്റ് വിഭജനം ഇടതുമുന്നണിയിൽ കീറാമുട്ടിയായി മാറുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച കോട്ടയത്തിന് പകരം വടകരയോ കോഴിക്കോടോ തിരുവനന്തപുരമോ വേണമെന്ന കടുത്ത നിലപാടിലുമാണ് ജനതാദൾ എസ്. എന്നാൽ തിരുവനന്തപുരം സീറ്റിൽ സിപിഐ തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇനി ജനതാദൾ എസിന്റെ നോട്ടം വടകരയും കോഴിക്കോടുമാണ്. വടകരയും കോഴിക്കോടും വിട്ടുനൽകില്ലെന്ന് സിപിഎം നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വടകരയ്ക്കും കോഴിക്കോടിനുമായി മുന്നണിയിൽ അടുത്തായി പ്രവേശിച്ച എംപി വിരേന്ദ്രകുമാറിന്‍റെ ലോക് താന്ത്രിക് ജനതാദളും സമ്മർദ്ദം ചെലുത്തുകയാണ്. എംപി വീരേദ്രകുമാറിന് രാജ്യസഭാംഗത്വും നൽകിയതു കൊണ്ട് പാർട്ടിക്ക് ലോക്‌സഭാ സീറ്റ് നിഷേധിക്കാനാവില്ലെന്ന് സംസ്ഥാന സമിതി യോഗത്തിനു ശേഷം ദേശീയ ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജും വ്യക്തമാക്കിയിരുന്നു.

ഒരു സീറ്റ് വേണമെന്ന നിലപാടിൽ ജനതാദൾ എസ് കർക്കശ നിലപാട് എടുക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ തന്നെ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന സംസ്ഥാന നേതൃത്ത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്തായാലും ജനതാ പരിവാറിലെ ഈ രണ്ട് സംഘടനകളുടെയും അവകാശ വാദങ്ങളും സമ്മർദ്ദങ്ങളും ഇടതുമുന്നണിക്ക് ഓരോ ദിവസം കഴിയും തോറും കുരുക്കായി മുറുകകയാണ്.