ജനമഹായാത്ര കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേയ്ക്ക്

Jaihind Webdesk
Wednesday, February 27, 2019

കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കൊല്ലം മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി. രണ്ടാം ദിനം ശാസ്താംകോട്ടയിൽ നിന്നാരംഭിച്ച ജാഥ ചിന്നക്കടയിലാണ് സമാപിച്ചത്.

ദേശിംഗനാട്ടിൽ ആദ്യ ദിനത്തിൽ ലഭിച്ച ആവേശോജ്വലമായ സ്വീകരണത്തിന്റെ തുടർച്ചയായിരുന്നു രണ്ടാം ദിവസവും ജാഥയ്ക്ക് ലഭിച്ചത്.ശാസ്താംകോട്ടയിലായിരുന്നു തുടക്കം. ശുദ്ധജല തടാകത്തിന്റെ നാട്ടിൽ കശുവണ്ടി മേഖലയിലെ പ്രതിസന്ധിയും സർക്കാരിന്റ പിടിപ്പുകേടും എടുത്തുയർത്തിയായിരുന്നു ജാഥാ നായകൻ പ്രസംഗത്തിന് തുടക്കമിട്ടത്. കശുവണ്ടി ബോർഡിന്റെ ക്രമക്കേടുകളിൽ അന്വേഷണം വേണമെന്നുംനാട്ടിൽ ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ സർക്കാരിന് ആഘോഷങ്ങളിലാണ് താല്പര്യമെന്നും മുല്ലപ്പള്ളി ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞ പോലെ ആയിരം ദിനങ്ങളിൽ എത്രദിവസം കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ നൽകിയെന്ന കണക്ക് പറയാൻ സർക്കാരിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ശാസ്താംകോട്ടയിൽ നിന്നും കരുനാഗപ്പള്ളിയിലെത്തുമ്പോൾമ്പോൾ ആളും ആരവവും മുദ്രാവാക്യങ്ങളും വേദി നിറഞ്ഞ് നിന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചതിരിഞ്ഞ് ചവറ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം ചവറയിൽ. എ.എ അസീസ്,ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള ആർ എസ് പി നേതാക്കളും കോൺഗ്രസ് നേതാക്കളും ചേർന്ന് ജാഥയെ ഇടപ്പള്ളിക്കോട്ടയിലെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചു. കരിമണൽ നാട്ടിലെ പ്രശ്‌നങ്ങളടക്കം വിശദീകരിച്ചായിരുന്നു അവിടെ കെ പി സി സി പ്രസിഡന്റ് പ്രസംഗിച്ചത്. അവിടെ നിന്നും കുണ്ടറ മുക്കടയിലെ സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്കെത്തേണ്ടതിന്റെ പ്രസക്തിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന ദോഹ നടപടികളും അക്കമിട്ട് നിരത്തി എൻ.കെ പ്രേമചന്ദ്രൻ കത്തിക്കയറുകയായിരുന്നു

മുക്കടയിൽ നിന്നും നേരെ ചാത്തന്നൂരിലേക്ക്. അവിടെയും പ്രൗഡോജ്വലമായ സ്വീകരണം. ചാത്തന്നൂരിൽ നിന്നും കൊല്ലം-ഇരവിപുരം മണ്ഡലങ്ങൾ സ്വീകരണമൊരുക്കിയ അവസാന സ്വീകരണ കേന്ദ്രമായ ചിന്നക്കടയിലേക്ക്.കെ.മുരളീധരനടക്കമുള്ള നേതാക്കളുടെ തീപ്പൊരി പ്രസംഗം കേൾക്കാൻ അവിടെയും തടിച്ച് കൂടിയത് നിരവധി പേരായിരുന്നു.ജാഥാ നായകന്റെ പ്രസംഗം കഴിഞ്ഞും ചിന്നക്കട റൗണ്ട് നിറഞ്ഞ് മുദ്രാവാക്യവും മൂവർണ്ണക്കൊടിയുമായ് പ്രവർത്തകർ ജാഥയ്ക്കാവേശം പകർന്നു കൊണ്ടിരുന്നു. ദേശിംഗനാട്ടിൽ 11 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കിയ ജാഥ ഇനി അനന്തപുരിയിലേക്ക് .