ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് ‘സമരാഗ്നി’ നായകർ; പരിഹാരം കാണുമെന്ന് നേതാക്കളുടെ ഉറപ്പ്; നന്ദി അറിയിച്ച് ജനകീയ ചർച്ചാ സദസിനെത്തിയവർ

Jaihind Webdesk
Saturday, February 10, 2024

 

കാസർഗോഡ്: ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും കേട്ട് സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ നായകർ. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ജനകീയ ചർച്ചാ സദസിൽ പങ്കെടുത്ത് ജനങ്ങളുടെ പരാതികള്‍ കേട്ടു. കാസർഗോഡ് മുനിസിപ്പൽ മിനി ഹാളിൽ നടന്ന ജനകീയ ചർച്ചാ സദസിൽ സർക്കാർ നയങ്ങളുടെ ഇരകളായി മാറിയവരുമായി ഇരു നേതാക്കളും ആശയ വിനിമയം നടത്തി. നിരവധി പരാതികളാണ് നേതാക്കളുടെ മുന്നിലെത്തിയത്.

പൗരപ്രമുഖരല്ലാത്തവരെ ജനകീയ ചർച്ചാ സദസിൽ പങ്കെടുപ്പിച്ചതിന് സദസില്‍ പങ്കെടുക്കാനെത്തിയവർ നന്ദി പറഞ്ഞു. എൻഡോസൾഫാൻ ഇരകളുടെ ദയനീയ ജീവിതമാണ് ജനകീയചർച്ചയിൽ ഉയർന്നു വന്നത്. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി വെച്ച ആശ്വാസ നടപടികൾ എൽഡിഎഫ് സർക്കാർ മുന്നോട്ടു കൊണ്ടുപോയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയോട് സർക്കാർ കാണിക്കുന്നത് അവഗണനയാണ്. ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് താല്‍പര്യമില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാവങ്ങളുടെ സങ്കടങ്ങളാണ് ഞങ്ങൾ കേട്ടത്. മുഖ്യമന്ത്രിയുടെ യാത്രയിൽ സമ്പന്ന രോടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ആ വ്യത്യാസം ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ദുരിതബാധിതർക്ക് പിന്തുണ നൽകുമെന്നും കാസർഗോഡ് ജില്ലയിലെ പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ കുത്തേറ്റ് മാനന്തവാടിയിൽ ഒരാൾ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ സർക്കാർ നോക്കുകുത്തിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. വനം വകുപ്പ് മന്ത്രിക്ക് സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും മന്ത്രി സ്ഥാനം ഒഴിയണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.