ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജനസഭ; ആശാ സമരത്തിന് സർക്കാർ അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം

Jaihind News Bureau
Wednesday, March 26, 2025

ഒന്നരമാസത്തിലേക്ക് കടന്ന ആശ സമരവേദിയിൽ സാഹിത്യ- സാമൂഹ്യ – കലാ – സാംസ്കാരിക – നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളെയും അണിനിരത്തിയ ‘ജനസഭയുമായി ജനകീയ പ്രതിരോധ സമിതി പ്രതിഷേധമുയർത്തി.
ആശ സമരത്തിന് സർക്കാർ പരിഹാരം ഉണ്ടാക്കണമെന്ന് ജനസഭ ഉദ്ഘാടനം ചെയ്ത സാഹിത്യ അക്കാദമി ചെയർമാൻ കവി സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.

ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ അതിജീവന സമരം നടത്തുന്ന ആശാവർക്കമാരുടെ രാപ്പകൽ സമരം 45-ാം ദിനത്തിലേക്കും നിരാഹാര സതൃഗ്രഹം ഏഴാം ദിനത്തിലേക്കും കടന്നതോടെയാണ് ജനകീയ പ്രതിരോധ സമിതി
സമരവേദിയിൽ ജനസഭ സംഘടിപ്പിച്ച് പ്രതിഷേധിച്ചത്. ആശ സമരത്തിന് സർക്കാർ അടിയന്തിരമായി
പരിഹാരം ഉണ്ടാക്കണമെന്ന് ജനസഭ ഒൺലൈൻ വഴി ഉദ്ഘാടനം ചെയ്ത സാഹിത്യ അക്കാദമി ചെയർമനും കവിയുമായ സച്ചിദാനന്ദൻ ആവശ്യപ്പെട്ടു . കേന്ദ്ര പദ്ധതി ആണെങ്കിലും ഓണറേറിയത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നദ്ദേഹം പറഞ്ഞു.

ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്ക് മുമ്പിൽ പോയി സമരം ചെയ്യുകയും ഫെയ്സ്ബുക്കിൽ വലിയ വിപ്ലവം എഴുതുകയും ചെയ്യുന്ന ഡിവൈഎഫ്ഐയ്ക്കു ആശമാരുടെ സമരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഇല്ലെന്നദ്ദേഹം കുറ്റപ്പെടുത്തി. ജോയി മാത്യു,സി ആർ നീലകണ്ഠൻ ഉൾപ്പെടെ ഒട്ടനവധിപ്പേർ നേരിട്ടും ഓൺലൈൻ വഴിയും ആശാപ്രവർത്തകർക്ക് ഐക്യദാർഢ്യം പകർന്നു. സെക്രട്ടറിയേറ്റിനു
മുന്നിൽ തുടരുന്ന അങ്കണവാടി ജീവനക്കാരുടെ രാപ്പകൽ സമരം പത്താം ദിനത്തിലേക്ക് കടന്നു. ‘