ഇന്ത്യ സഖ്യത്തിന്‍റെ ശക്തിപ്രകടനമായി ജന്‍ വിശ്വാസ് മഹാറാലി; ജനസാഗരമായി ഗാന്ധി മൈതാനം

Jaihind Webdesk
Sunday, March 3, 2024

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ സഖ്യത്തിന്‍റെ ശക്തി പ്രകടനമായി ജൻ വിശ്വാസ് മഹാറാലി. ബിഹാർ പട്‌നയിൽ ജൻ വിശ്വാസ് മഹാറാലി പട്നയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മഹാറാലിയില്‍ പങ്കെടുത്തു. ആർജെഡിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി അക്ഷരാർത്ഥത്തില്‍ ജനസാഗരമായി മാറി.

മോദി ഭരണത്തിനെതിരെ രൂക്ഷ  വിമർശനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ നടത്തിയത്. മോദിയുടെ വാഗ്ദാനങ്ങളൊന്നും നടപ്പായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദി യുവാക്കളെ തൊഴില്‍രഹിതരാക്കുകയാണ് ചെയ്തതെന്നും ഖാർഗെ കുറ്റപ്പെടുത്തി. ഇന്ത്യ വെറുപ്പിന്‍റെ രാജ്യമല്ലെന്നും മുതലാളിമാർക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി ഭരണത്തില്‍ രാജ്യത്തിന്‍റെ സമസ്ത മേഖലകളും തകർന്നു. ജാതി സെൻസസ് നടത്തേണ്ടതിന്‍റെ ആവശ്യകതയും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്നാണ് മഹാറാലിയില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ബിഹാറിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നുണ ഫാക്ടറിയാണെന്ന്  ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ദാരിദ്ര്യവും തൊഴിലില്ലായ്മയും മറയ്ക്കാനായി മോദി നുണ പറയുകയാണ്. കണ്ണട തുടച്ച് യാഥാർത്ഥ്യങ്ങൾ കാണാൻ ശ്രമിക്കണമെന്നും മോദി ശ്രമിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. ഗാന്ധി മൈതാനത്താണ് മഹാറാലി പുരോഗമിക്കുന്നത്. അനാരോഗ്യം മൂലം മാറി നിൽക്കുകയായിരുന്ന ലാലുപ്രസാദ് യാദവും മഹാറാലിയില്‍ പങ്കെടുക്കാനെത്തി. ഇന്ത്യ മുന്നണിയുടെ കരുത്ത് വിളിച്ചോതിയ റാലിയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.