അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനജാഗ്രതാ ക്യാമ്പയിന്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്ത്

Jaihind Webdesk
Wednesday, November 24, 2021

വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നവംബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ ജന ജാഗ്രതാ ക്യാമ്പയിന്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. 26ന് 3 മണിക്ക് കല്ലറ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് പദയാത്ര ആരംഭിക്കുന്നത്. കെ.പി.സി.സി-ഡി.സി.സി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പദയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.

സേവാദള്‍ വോളണ്ടിയര്‍മാരും വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടുവരിയായി പദയാത്രയെ അനുധാവനം ചെയ്യും. കല്ലറ-പാങ്ങോട് രക്തസാക്ഷി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ആരംഭിക്കുന്ന പദയാത്ര ആദ്യദിവസം ഭരതന്നൂരില്‍ സമാപിക്കും. ഭരതന്നൂരില്‍ നടക്കുന്ന കലാസന്ധ്യക്ക് പ്രസിദ്ധ പിന്നണി ഗായകന്‍ പന്തളം ബാലനും സംഘവും നേതൃത്വം നല്‍കും.

രണ്ടാം ദിവസമായ 27ന് രാവിലെ 7 മണിക്ക് പ്രഭാതഭേരിയോടെ ആരംഭിക്കുന്ന പദയാത്ര 9 മണിക്ക് ആദിവാസി-ദളിത് സംഗമ വേദിയിലെത്തി അവരുമായി സംവദിക്കും. കല്ലറ-പാങ്ങോട് സമരത്തിലെ ധീരരക്തസാക്ഷികളുടെ കുടുംബാംഗങ്ങളും സമ്മേളനങ്ങളില്‍ പങ്കെടുക്കും. കര്‍ഷകര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മഹിളാപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ആദിവാസി-ദളിത് പ്രവര്‍ത്തകര്‍ എന്നിവര്‍ പദയാത്രയില്‍ ആദ്യാവസാനം പങ്കെടുക്കും.