ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധിന്യായം. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് വിധി ന്യായം തുടരുന്നത്. ഇന്ത്യയില്‍ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അനുച്ഛേദം 370 താത്കാലികമാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിർത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്നും കോടതി വ്യക്തമാക്കി.
അഞ്ചംഗ ബെഞ്ചില്‍ മൂന്ന് വിധിന്യായങ്ങളാണുള്ളത്. രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ നടപടി ഹർജിക്കാർ പ്രത്യേകം ചോദ്യം ചെയ്യാത്തതിനാല്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിഭരണസമയത്ത് സംസ്ഥാനത്തിനായി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും ചോദ്യം ചെയ്യാനാകില്ലെന്നും ഇത് സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രപതിഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയമനിർമ്മാണം നടത്താനുള്ള അധികാരം നിയമസഭയ്ക്ക് മാത്രമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. എന്നാല്‍ അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദികളും വിഘടനവാദികളും നടത്തിയിരുന്ന ജമ്മു കശ്മീരിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പഴങ്കഥയായെന്നാണ് കേന്ദ്രത്തിന് വേണ്ടി അഭിഭാഷകര്‍ വാദിച്ചത്. റദ്ദാക്കലിന് ശേഷം സമാധാനവും പുരോഗതിയും സാഹോദര്യവും സമൃദ്ധിയുമാണ് കാണാന്‍ സാധിക്കുന്നതെന്നാണ് അവരുടെ വാദം. അനുച്ഛേദം 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആദ്യ ഹര്‍ജി അഭിഭാഷകന്‍ എം.എല്‍ ശര്‍മയായിരുന്നു സമര്‍പ്പിച്ചത്. പിന്നീട് ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ ഷാക്കിര്‍ ഷബീറും കക്ഷി ചേരുകയായിരുന്നു.