ജമ്മു കശ്മീരിലെ വാഹനാപകടം; നാല് യുവാക്കളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു


ജമ്മു കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച നാല് യുവാക്കളുടെ മൃതദേഹം പാലക്കാട് ചിറ്റൂരിലെത്തിച്ചു.
പൊതുദർശനത്തിന് ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. രാവിലെ എട്ടുമണിവരെയാണ് പൊതുദർശനം നടക്കുക. അതിന് ശേഷം അവരുടെ വീട്ടിലേക്ക് കൊണ്ടുപോവും. പരിക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിക്കാണ് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. ഇന്ന് പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തി. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കുകയായിരുന്നു. വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്.

മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ രാജേഷ് , അരുൺ, മനോജ് എന്നിവർ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.

Comments (0)
Add Comment