ജലീല്‍ ചോദ്യംചെയ്യലിന് എത്തിയത് സ്വകാര്യവാഹനത്തില്‍ ; ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന്

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി ജലീല്‍ എത്തിയത് സ്വകാര്യവാഹനത്തിലെന്നതിന് തെളിവുകള്‍ പുറത്തുവന്നു. വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.   കഴിഞ്ഞ ദിവസമാണ് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇന്നലെ പുലർച്ചെ അരൂരിലെ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി ഔദ്യോഗിക വാഹനം അവിടെ നിർത്തി വ്യവസായിയുടെ വാഹനത്തിലാണ്  ഇ.ഡി ഓഫീസിലേക്ക് എത്തിയത്. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയവയാണ് ജലീലിനോട് ഇ.ഡി ചോദിച്ചറിഞ്ഞത്.

അതിനിടെ  കെ.ടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മന്ത്രിക്ക് ഉടന്‍ നോട്ടീസ് നൽകിയേക്കും. വിദേശത്ത് നിന്നും മതഗ്രന്ഥം കൊണ്ട് വന്ന സംഭവത്തിലാണ് കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യാനായി വീണ്ടും ഹാജരാകാനും നിർദേശമുണ്ട്. ഇതിന് പുറമെയാണ് നയതന്ത്ര ബാഗേജിലൂടെ വിദേശത്തുനിന്ന് മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

അതേസമയം മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. ഇന്നലെ രാത്രി വൈകി നടത്തിയ പ്രതിഷേധ മാർച്ചുകള്‍ സംഘർഷത്തില്‍ കലാശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്.

Comments (0)
Add Comment