ജലീലിന്‍റേത് രാജ്യതാല്‍പര്യത്തിന് എതിരായ പരാമർശം; പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയോ എന്നത് വ്യക്തമാക്കണം: പ്രതിപക്ഷ നേതാവ്

Saturday, August 13, 2022

 

പാലക്കാട്: കെ.ടി ജലീലിന്‍റേത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആസാദ് കശ്മീര്‍ എന്നത് പാകിസ്ഥാന്‍റെ നിലപാടാണ്. ഇന്ത്യന്‍ അധീന കശ്മീർ എന്നത് പാകിസ്ഥാന്‍റെ നയതന്ത്ര നിലപാടാണ്. ഇതാണ് ജലീല്‍ ആവര്‍ത്തിച്ചത്. വിവാദങ്ങളുണ്ടാക്കി വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണോ അതോ ബോധപൂർവമുള്ള പ്രസ്താവനയാണോ ഇതെന്നാണ് അറിയേണ്ടത്. നിരന്തരമായി വിവാദങ്ങളില്‍ പെടുകയാണ് ജലീല്‍. ഗുരുതരമായ പരാമർശങ്ങള്‍ നടത്തിയിട്ടുപോലും ഇടപെടാനോ തിരുത്താനോ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ തയാറാകുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

“രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ പരാമർശമാണിത്. സ്വാതന്ത്ര്യത്തിന് ശേഷം അന്താരാഷ്ട്ര വേദികളിലും ഉഭയകക്ഷി ചര്‍ച്ചകളിലും രാജ്യം എടുത്തിരിക്കുന്ന നിലപാടിന് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ നിലപാട് ഇതാണോ എന്ന് വ്യക്തമാക്കണം. ഇത് സിപിഎം നിലപാടാണോ എന്നത് സിപിഎമ്മും വ്യക്തമാക്കണം.  ലോകായുക്തക്കെതിരെ ഓർഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ ലോകായുക്തയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് നിരന്തരമായി പോസ്റ്റിട്ടു. എന്നിട്ടും നിയന്ത്രിക്കാന്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ തയാറായില്ല. ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ ഇതുവരെ കാണ്ടിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം” – പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെഎസ്ആർടിസി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സര്‍ക്കാർ ആശുപത്രികളില്‍ മരുന്നില്ല. ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. കേരളത്തിലെ പാതകളില്‍ മുഴുവന്‍ കുഴിയാണ്. പക്ഷേ പൊതുമരാമത്ത് മന്ത്രി പറയുന്നത് കുഴിയില്ല എന്നാണ്. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് വന്‍ പരാജയമാണ്. മയക്കുമരുന്ന് മാഫിയയും സാമൂഹ്യവിരുദ്ധരും സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവും അഴിഞ്ഞാടുന്നു. സ്വര്‍ണ്ണം പൊട്ടിക്കലിന് സിപിഎം തന്നെ നേതൃത്വം നല്‍കുന്നു. സംസ്ഥാനത്തെ ഭരണകക്ഷി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പറമ്പിക്കുളം-ആളിയാർ കരാറിന്‍റെ ലംഘനമാണ് തമിഴ്നാട് നടത്തുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പരാതിയില്ല. പാലക്കാടിനെ ജലക്ഷാമത്തിലാക്കുന്ന നടപടിക്ക് സംസ്ഥാനം കുടപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.