RAMESH CHENNITHALA| ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി: ഹരിപ്പാട്ടടക്കം 90 പദ്ധതികള്‍ അവതാളത്തില്‍, മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Thursday, August 14, 2025

 


ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ഹരിപ്പാട് ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളിലായി 90-ല്‍ അധികം പദ്ധതികള്‍ അവതാളത്തിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കേന്ദ്രാനുമതി വൈകുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

തന്റെ മണ്ഡലമായ ഹരിപ്പാട്ടെ കുടിവെള്ള പദ്ധതിയുടെ സ്ഥിതിവിശേഷം കത്തില്‍ ചെന്നിത്തല വിശദീകരിച്ചു. 585 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 28 കോടി മുടക്കി പള്ളിപ്പാട് 50 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെയും 3.41 കോടി രൂപയ്ക്ക് മാന്നാറിലെ ഇന്‍ടേക്ക് കിണറിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 4.76 കോടി രൂപ മുടക്കി 14 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും നിര്‍മ്മിച്ചു.

എന്നാല്‍, മാന്നാര്‍ മുല്ലശ്ശേരി കടവ് മുതല്‍ പള്ളിപ്പാട് ജലശുദ്ധീകരണ ശാല വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ നീളമുള്ള റോ വാട്ടര്‍ പമ്പിങ് മെയിന്‍ സ്ഥാപിക്കുന്നതിനുള്ള പണിക്ക് ഇപ്പോഴും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ വാട്ടര്‍ അതോറിറ്റിക്ക് അനുകൂലമായി വിധി വന്നിട്ടും നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കാത്തത് തീരദേശ ജനതയുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് തടസ്സമുണ്ടാക്കുന്നു.

പദ്ധതിയുടെ നിര്‍വഹണ കാലാവധി 2024 ഓഗസ്റ്റ് 16-ന് അവസാനിച്ചതിനാല്‍, ടെന്‍ഡര്‍ ചെയ്ത വര്‍ക്കുകള്‍ക്ക് കരാറുകാര്‍ക്ക് ലെറ്റര്‍ ഓഫ് അക്‌സപ്റ്റന്‍സ് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇത് പണം മുടങ്ങിയതിന് കാരണമായി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രാനുമതി ലഭ്യമാക്കുന്നതിന് പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൂടാതെ, കേന്ദ്രാനുമതി ലഭ്യമാകാന്‍ കാത്തുനില്‍ക്കാതെ നിലവില്‍ ടെന്‍ഡര്‍ ചെയ്ത വര്‍ക്കുകളുമായി മുന്നോട്ട് പോകാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ അഭ്യര്‍ത്ഥിച്ചു. ജല്‍ ജീവന്‍ പദ്ധതി പ്രകാരം ഇനിയും 33.68 ലക്ഷം ഗാര്‍ഹിക കണക്ഷനുകള്‍ സംസ്ഥാനത്ത് നല്‍കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍, പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.