മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50% ഉയര്‍ന്ന തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയതാണ് ഈ നീക്കത്തിന് കാരണമെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. ഇത് യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്ക് ഇന്ത്യ പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുന്നു എന്നതിന്റെ സൂചനയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായും ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധവും ഉഭയകക്ഷി സഹകരണവും അവലോകനം ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്നാണ് ഇന്ത്യ-റഷ്യ ബന്ധമെന്ന് ജയശങ്കര്‍ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ രൂപപ്പെടുത്തിയ ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ എന്നാണ് ലാവ്‌റോവ് ഈ ബന്ധത്തെ വിശേഷിപ്പിച്ചത്. പാശ്ചാത്യ ഉപരോധങ്ങളും മറ്റ് ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യ-റഷ്യ ബന്ധം ‘ഒരു ഉയര്‍ച്ചയുടെ പാതയിലാണെന്ന്’ ഇന്ത്യയിലെ റഷ്യയുടെ ചാര്‍ജ് ഡി അഫയേഴ്സ് റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.
ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി വ്യാപാര, സാമ്പത്തിക ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ജയശങ്കര്‍ മോസ്‌കോയിലെത്തിയത്. മോസ്‌കോയുമായുള്ള വ്യാപാരം ശക്തിപ്പെടുത്തണമെന്നും, ഇന്ത്യന്‍ പങ്കാളികളുമായി ‘കൂടുതല്‍ തീവ്രമായി’ പ്രവര്‍ത്തിക്കാന്‍ റഷ്യന്‍ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്യണമെന്നും ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.