ഒരു തമിഴ് വധുവിനെ കണ്ടെത്തട്ടെ? ഭാരത് ജോഡോ യാത്രക്കിടയിലെ രസകരമായ ചിത്രം പങ്കുവെച്ച് ജയ്റാം രമേശ്

Jaihind Webdesk
Sunday, September 11, 2022

 

ചെന്നൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തമിഴ്നാട്ടിലെ പര്യടനത്തിനിടെ നടന്ന രസകരമായ സംഭവം പങ്കുവെച്ച് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. യാത്രയുടെ മൂന്നാം ദിവസം തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് തൊഴിലുറപ്പ് ജോലിക്കാരുമായി രാഹുല്‍ ഗാന്ധി സംവദിച്ചിരുന്നു. ഇതിനിടെയുണ്ടായ സംഭവമാണ്  ജയ്റാം രമേശ് പങ്കുവെച്ചത്.

തൊഴിലുറപ്പ് സ്ത്രീകളുമായി സംവദിക്കുന്നതിനിടെ ഒരു സ്ത്രീ രാഹുലിനോട് പറഞ്ഞത് ഇങ്ങനെ: താങ്കള്‍ തമിഴ്നാടിനെ സ്നേഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. രാഹുലിന് വേണ്ടി ഒരു തമിഴ് പെണ്‍കുട്ടിയെ ഞങ്ങള്‍ കണ്ടെത്തട്ടെ? അവരുടെ സംസാരം രാഹുലിനെ രസിപ്പിച്ചതായി ചിത്രം പങ്കുവെച്ച് ജയ്റാം രമേശ് കുറിച്ചു.

സെപ്റ്റംബർ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ഇന്നലെ തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി. ഇന്ന് കേരളത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചു.  12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 3571 കിലോമീറ്ററുകള്‍ സഞ്ചരിച്ച് കശ്മീരിലാണ് അവസാനിക്കുക. 118 സ്ഥിരാംഗങ്ങളും അതത് സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 പേരും യാത്രയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും. എല്ലാ സ്ഥലങ്ങളിലും വന്‍ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് അനുഭവപ്പെടുന്നത്.