ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) യുടെ ഘടനയില്‍ സമൂലമായ മാറ്റം ആവശ്യമാണെന്ന കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ആവശ്യം പ്രധാനമന്ത്രി ഒടുവില്‍ അംഗീകരിച്ചതായി തോന്നുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഒന്നര വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതും, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നുമായിരുന്നു ജിഎസ്ടി 2.0. സ്വകാര്യ ഉപഭോഗവും നിക്ഷേപവും വര്‍ധിപ്പിക്കാതെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാകില്ലെന്ന യാഥാര്‍ത്ഥ്യം പ്രധാനമന്ത്രി തിരിച്ചറിഞ്ഞതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായി പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ, അമിതമായ നികുതി നിരക്കുകളും നിരവധി ഇളവുകളും കാരണം ജിഎസ്ടിയുടെ യഥാര്‍ത്ഥ ലക്ഷ്യം തന്നെ ഇല്ലാതായെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. നിലവിലെ സങ്കീര്‍ണ്ണമായ ഘടന നികുതി വെട്ടിപ്പിന് സഹായകമായെന്നും അദ്ദേഹം ആരോപിച്ചു. നികുതി നിരക്കുകള്‍ കുത്തനെ കുറയ്ക്കുകയും ഘടന ലളിതമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കാത്ത രീതിയിലായിരിക്കണം നടപ്പാക്കേണ്ടത്. നിരക്ക് ഏകീകരണം മൂലമുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍, 2026 മാര്‍ച്ച് 31-ന് അവസാനിക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസ് ദീര്‍ഘിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) ആശങ്കകള്‍ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ഇതിനായി നടപടിക്രമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനൊപ്പം, അന്തര്‍ സംസ്ഥാന വിതരണത്തിനുള്ള പരിധി വര്‍ദ്ധിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. തുണിത്തരങ്ങള്‍, ടൂറിസം, കയറ്റുമതി, കരകൗശല വസ്തുക്കള്‍, കാര്‍ഷികം തുടങ്ങിയ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. വൈദ്യുതി, മദ്യം, പെട്രോളിയം, റിയല്‍ എസ്റ്റേറ്റ് എന്നിവയെ സംസ്ഥാനതല ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു.
ജിഎസ്ടി 2.0-നെക്കുറിച്ച് രാജ്യവ്യാപകമായി വിപുലമായ ചര്‍ച്ചകള്‍ സാധ്യമാക്കുന്നതിന് സര്‍ക്കാര്‍ ഉടന്‍ ഒരു ഔദ്യോഗിക ചര്‍ച്ചാ രേഖ പുറത്തിറക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജിഎസ്ടി 2.0 കേവലം വാക്കുകളില്‍ ഒതുങ്ങാതെ, പ്രവൃത്തിയിലും നടത്തിപ്പിലും ‘നല്ലതും ലളിതവുമായ നികുതി’ (Good and Simple Tax) ആയിരിക്കണം. ഇപ്പോഴുള്ളതുപോലെ ‘വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നികുതി’ (Growth Suppressing Tax) ആകരുതെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.