ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്.എം.എസ്.) ആശുപത്രിയിലെ ട്രോമ സെന്റര്‍ ഐ.സി.യുവില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് രോഗികള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ട്രോമ ഐ.സി.യുവിലാണ് തീ പടര്‍ന്നത്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടുന്നു. തീ പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ വിഷവാതകം ശ്വസിച്ചതാണ് മരണങ്ങള്‍ക്ക് കാരണം.
തീപിടിത്തം ഉണ്ടായ ഉടന്‍തന്നെ ആശുപത്രി ജീവനക്കാര്‍ ഐ.സി.യുവിലുണ്ടായിരുന്ന രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി. ഐ.സി.യുവിലെ മിക്ക രോഗികളും അബോധാവസ്ഥയിലായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. രക്ഷപ്പെടുത്തിയ അഞ്ച് രോഗികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സംഭവത്തെ തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജനലാല്‍ ശര്‍മ്മ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.