വിയ്യൂര്‍ ജയിലില്‍ തടവുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

Jaihind Webdesk
Tuesday, August 6, 2019

വിയ്യൂര്‍ ജയിലില്‍ തടവുകാരെ മര്‍ദ്ദിച്ചുവെന്ന സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ജില്ലാജയില്‍ സൂപ്രണ്ട് എസ്.സജീവനെയാണ് സസ്‌പെന്‍റ് ചെയ്തത്. ജയില്‍ ഡി.ഐ.ജിയുടെയും, ജയില്‍ ഡി.ജി.പിയുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നു.

വിയ്യൂര്‍ ജില്ലാ ജയിലില്‍ തടവുകാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കഴിഞ്ഞ മാസം 19ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും 38 പേര്‍ക്ക് സ്ഥലം മാറ്റവും ലഭിച്ചിരുന്നു. ജയിലിലെത്തിയ ഡിജിപി തടവുകാരില്‍ നിന്നും നേരിട്ട് പരാതികള്‍ കേട്ടു. എന്നാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നുവെന്നാണ് തടവുകാര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് ജയില്‍ ഡോക്ടറെ വിളിച്ച് തടവുകാരെ പരിശോധന നടത്തിയതില്‍ ഇവര്‍ക്ക് മര്‍ദ്ദനമേറ്റതായി വ്യക്തമാവുകയും ചെയ്തു. വിഷയത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ഐ.ജിയോട് ഡി.ജി.പി നിര്‍ദ്ദേശിച്ചിരുന്നു. ജയില്‍ ഡി ഐജിയുടെയും ജയില്‍ ഡിജിപിയുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ജയില്‍ സൂപ്രണ്ട് എസ് സജീവനെ സര്‍ക്കാര്‍ സസ്‌പെന്‍റ് ചെയ്തത്. സൂപ്രണ്ടിന്‍റെ ഭാഗത്ത് നിന്ന് മേല്‍നോട്ടകുറവുണ്ടായെന്നും, മര്‍ദ്ദനമേറ്റെന്ന് തടവുകാരുടെ പരാതിയില്‍ അവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു മനസിലാക്കാനോ, ചികിത്സ നല്‍കാനോ സൂപ്രണ്ട് തയ്യാറില്ല എന്ന കാരണത്തിനാണ് ജയില്‍ സൂപ്രണ്ടിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.