PUTHUPPALLY BYE-ELECTION: ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാർത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് എല്‍ഡിഎഫ്

Jaihind Webdesk
Saturday, August 12, 2023

 

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയ്ക് സി. തോമസ് ആണ് എൽഡിഎഫിന്‍റെ സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ജെയ്ക് സി. തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി കോട്ടയത്ത് പ്രഖ്യാപിച്ചത്.

ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം. ഒടുവിൽ നറുക്ക് വീണത് ജെയ്ക് സി. തോമസിന്. ജെയ്ക്കിന്‍റെ മൂന്നാം അങ്കമാണിത്. 2016-ലും 2021-ലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി. തോമസ് മത്സരിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കും തന്നെ കോൺഗ്രസ് ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ സിപിഎം ഒളിച്ചുകളിച്ചു. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ജില്ലാ നേതൃത്വത്തിനിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സ്ഥാനാർത്ഥി ആരാകണമെന്ന് ചോദ്യത്തിന് ഉത്തരം നീണ്ടുപോയത്. ഒടുവിൽ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ജെയ്ക് സി. തോമസിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോട്ടയത്ത് ജെയ്ക്കിനെ എൽഡിഎഫിന്‍റെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പുതുപ്പള്ളിയിലെ രാഷ്ട്രീയ പോരാട്ടം ആണെന്നാണ് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെ കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെയുള്ള പ്രചാരണ ആയുധമായി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. ജെയ്ക്കിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിന്‍റെ ചിത്രം ഏകദേശം വ്യക്തമാവുകയാണ്. എൻഡിഎ നേതൃത്വവും ഇന്നുതന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും.