Jagdeep Dhankhar resigns | ധന്‍കറിന് പകരം നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയാകും ? ബിജെപി കളമൊരുക്കുന്നത് ബിഹാര്‍ തിരഞ്ഞെടുപ്പിനായി

Jaihind News Bureau
Tuesday, July 22, 2025

ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്ന് ബിജെപി അപമാനിച്ച് പുറത്താക്കിയതാണെന്നുള്ളതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ബിഹാര്‍ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പുതിയ ആളെ എത്തിക്കാനുള്ള രാഷ്ട്രീയക്കളിയാണ് ബിജെപിയുടേതെന്ന വിലയിരുത്തലുകളും പുറത്തു വരുന്നു.

‘ദൈവം കനിഞ്ഞാല്‍, 2027 ഓഗസ്റ്റില്‍ ഞാന്‍ വിരമിക്കും’ എന്നാണ് 12 ദിവസം മുന്‍പ് ജെഎന്‍യുവില്‍ നടന്ന ഒരു ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞത്. എന്നാല്‍, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച ആദ്യ ദിനം തന്നെ ധന്‍കര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി രാജിവെച്ചപ്പോള്‍, ആ വിശദീകരണം മുഖവിലയ്ക്കെടുക്കാന്‍ രാഷ്ട്രീയ നിരീക്ഷകരോ പ്രതിപക്ഷം പോലുമോ തയ്യാറായിട്ടില്ല. ഉപരാഷ്ട്രപതിയുടെ കടുത്ത വിമര്‍ശകരായ പ്രതിപക്ഷ നേതാക്കള്‍ പോലും, ഈ രാജിക്ക് പിന്നില്‍ പുറത്തറിയാത്ത പലതുമുണ്ടെന്ന് ഉറപ്പിച്ചു പറയുന്നു.

അണിയറയില്‍ സംഭവിച്ചതെന്ത്?

ഉപരാഷ്ട്രപതിയുടെ ഓഫീസോ സര്‍ക്കാരോ ഔദ്യോഗികമായി ഒരു വിശദീകരണവും നല്‍കാത്തത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ‘കര്‍ഷക പുത്രന്‍’ എന്നും ‘പ്രചോദനം’ എന്നും വിശേഷിപ്പിച്ച ഒരു നേതാവിന്റെ രാജിക്ക് ശേഷം 15 മണിക്കൂറോളം ബിജെപി മന്ത്രിമാരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഒരു ട്വീറ്റ് മാത്രമാണ് വന്നത്.

ഈ വര്‍ഷം ആദ്യം ധന്‍കര്‍ ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വിധേയനായിരുന്നു എന്നത് ശരിയാണ്. അതു കൂടാതെ ഈ നീക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഊഹാപോഹങ്ങളും തുടരുന്നതിനിടെ, ഡല്‍ഹിയില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിക്കിടെ ധന്‍ഖര്‍ കുഴഞ്ഞുവീണുവെന്നും അദ്ദേഹത്തിന് മെഡിക്കല്‍ സഹായം നല്‍കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 17 ന് ഭാര്യയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുമായ വി.കെ. സക്സേനയ്ക്കൊപ്പം ഒരു പൂന്തോട്ടം സന്ദര്‍ശിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടെന്ന് വഷളായതായും തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആരോഗ്യ സഹായം നല്‍കിയതായും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

എന്നാല്‍, പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ തികച്ചും നാടകീയമായ രാജിക്ക് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്ന് പ്രതിപക്ഷം ഉറപ്പിക്കുന്നു. ‘അദ്ദേഹത്തിന് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ രാജിവെക്കാമായിരുന്നു,’ ഒരു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പുറമെ, തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ഈ ആഴ്ച അവസാനം അദ്ദേഹം ജയ്പൂരിലേക്ക് യാത്ര തിരിക്കുമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം രാജിക്ക് പിന്നിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

ലക്ഷ്യം ബീഹാര്‍ തിരഞ്ഞെടുപ്പോ? നിതീഷിനായി ഒരുക്കിയ കളം

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറിന് ഉപരാഷ്ട്രപതി സ്ഥാനം നല്‍കി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ധന്‍കറിന്റെ രാജിക്ക് പിന്നിലെന്നതാണ് ശക്തമായ ഒരു അഭ്യൂഹം. ഇത്തവണ ബീഹാറില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് നിതീഷിനെ ഒപ്പം നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ‘നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയാകുന്നത് ബീഹാറിന് വളരെ നല്ല കാര്യമായിരിക്കും,’ എന്ന ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂറിന്റെ പ്രതികരണം ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നു.

ഇപ്പോള്‍ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ജെഡിയുവിന്റെ ഹരിവംശ് നാരായണ്‍ സിംഗ് ആണ്. ധന്‍കറിന്റെ അഭാവത്തില്‍, തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് ഹരിവംശ് ആയിരിക്കും. ബീഹാറില്‍ നിന്നുള്ള ഒരു നേതാവ് രാജ്യസഭയെ നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎയ്ക്ക് ഗുണകരമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

രാജിക്ക് പിന്നില്‍ ‘അപമാനം’?

വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം നടന്ന സംഭവങ്ങളാണ് രാജിക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് ലഭിച്ചെന്നും താനത് അംഗീകരിക്കുന്നുവെന്നും ധന്‍കര്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ലോക്സഭയില്‍ സ്വന്തം നിലയ്ക്ക് പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ, പ്രതിപക്ഷ നോട്ടീസില്‍ ധന്‍കര്‍ തിടുക്കത്തില്‍ നടപടി സ്വീകരിച്ചത് സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കി.

ഈ അതൃപ്തിക്ക് പിന്നാലെ, ധന്‍കര്‍ വിളിച്ചുചേര്‍ത്ത നിര്‍ണായകമായ രാജ്യസഭാ ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തില്‍ നിന്ന് സഭാ നേതാവ് ജെ.പി. നദ്ദയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും വിട്ടുനിന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. മറ്റ് തിരക്കുകള്‍ കാരണം മുന്‍കൂട്ടി അറിയിച്ചാണ് വിട്ടുനിന്നതെന്നാണ് നദ്ദയുടെ വിശദീകരണമെങ്കിലും കോണ്‍ഗ്രസ് ഇത് തള്ളിക്കളയുന്നു. ഇതിനെല്ലാം പുറമെ, ‘ഒന്നും രേഖപ്പെടുത്തില്ല, ഞാന്‍ പറയുന്നത് മാത്രമേ രേഖപ്പെടുത്തൂ’ എന്ന് ധന്‍കറിന് നേരെ വിരല്‍ ചൂണ്ടി നദ്ദ രാജ്യസഭയില്‍ പറഞ്ഞത് ഉപരാഷ്ട്രപതിയെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നീതിന്യായ വ്യവസ്ഥയുമായുള്ള ഏറ്റുമുട്ടല്‍

ഉപരാഷ്ട്രപതിയായ ശേഷം ജുഡീഷ്യറിയുടെ അധികാരത്തിലുള്ള കടന്നുകയറ്റത്തെ നിരന്തരം വിമര്‍ശിച്ച ധന്‍കറിന്റെ ‘താന്‍ പറയുന്നത് മാത്രം ശരി’ എന്ന നിലപാട് സര്‍ക്കാരിലെ ചിലര്‍ക്കെങ്കിലും അതൃപ്തിയുണ്ടാക്കിയിരുന്നു എന്ന വാദവുമുണ്ട്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം റദ്ദാക്കിയ സുപ്രീം കോടതിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് സര്‍ക്കാരിന്റെ നിലപാടായി വ്യാഖ്യാനിക്കപ്പെടുകയും സര്‍ക്കാരിന് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമാകുകയും ചെയ്തു.

കാരണങ്ങള്‍ പലത് നിരത്തപ്പെടുന്നുണ്ടെങ്കിലും, ‘രാഷ്ട്രീയത്തില്‍ എല്ലാം നേര്‍രേഖയിലല്ല’ എന്ന കോണ്‍ഗ്രസ് എംപി സുഖ്ദേവ് ഭഗത്തിന്റെ വാക്കുകളാണ് ഈ നാടകീയ രാജിയുടെ ദുരൂഹതയ്ക്ക് അടിവരയിടുന്നത്. ഒരു ഭരണഘടനാ പദവിയെപ്പോലും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍ ബലികൊടുക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഈ സംഭവവികാസങ്ങളിലൂടെ പ്രതിപക്ഷം ഉയര്‍ത്തുന്നത്.