ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ രാജ്യത്തെ ഞെട്ടിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിന് പിന്നില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. നിര്‍ണായകമായ രാജ്യസഭാ ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും കിരണ്‍ റിജിജുവും വിട്ടുനിന്നതിലുള്ള അതൃപ്തിയാണ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോഗ്യപരമായ കാരണങ്ങളാണ് രാജിക്ക് ചൂണ്ടിക്കാണിച്ചതെങ്കിലും, ഉപരാഷ്ട്രപതിയെ സര്‍ക്കാര്‍ അപമാനിച്ച് പുറത്താക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
യോഗത്തില്‍ സംഭവിച്ചതെന്ത്?
സര്‍ക്കാരിന്റെ നിയമനിര്‍മ്മാണങ്ങള്‍ക്കും മറ്റ് നടപടികള്‍ക്കും സമയം അനുവദിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന രാജ്യസഭാ ബിഎസി യോഗം തിങ്കളാഴ്ച രണ്ട് തവണയാണ് ചേര്‍ന്നത്. ഉച്ചയ്ക്ക് 12.30-ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ സഭാ നേതാവായ ജെ.പി. നദ്ദയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വൈകിട്ട് 4.30-ന് വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ ഇരുവരും എത്തിയില്ല. പകരം കേന്ദ്രമന്ത്രി എല്‍. മുരുകനാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചത്. യോഗം അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് മുരുകന്‍ ഉപരാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.
രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാത്ത വിവരം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ വ്യക്തിപരമായി അറിയിച്ചിരുന്നില്ലെന്ന് ബിഎസിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ‘ശ്രീ നദ്ദയുടെയും ശ്രീ റിജിജുവിന്റെയും വരവിനായി ഞങ്ങള്‍ കാത്തിരുന്നു. അവര്‍ വന്നില്ല. മന്ത്രിമാര്‍ എത്താതിരുന്നത് ധന്‍കറെ ചൊടിപ്പിച്ചു, അദ്ദേഹം യോഗം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാലരയ്ക്കും ഇടയില്‍ വളരെ ഗൗരവതരമായ എന്തോ സംഭവിച്ചിട്ടുണ്ട്,’ ജയറാം രമേശ് എക്സില്‍ കുറിച്ചു.
എന്നാല്‍, തങ്ങള്‍ മറ്റ് പ്രധാന പാര്‍ലമെന്ററി കാര്യങ്ങളില്‍ വ്യാപൃതരായിരുന്നുവെന്നും ഇക്കാര്യം ഉപരാഷ്ട്രപതിയുടെ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നുമാണ് ജെ.പി. നദ്ദയുടെ വിശദീകരണം.
സഭയിലെ ‘അപമാനവും’ രാജിക്ക് പിന്നിലെ കളികളും
ധന്‍കറിന്റെ രാജി അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണെന്ന് ജയറാം രമേശ് പ്രതികരിച്ചു. വൈകിട്ട് 5 മണി വരെ മറ്റ് എംപിമാര്‍ക്കൊപ്പം താന്‍ ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നുവെന്നും രാത്രി 7.30-ന് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധന്‍കര്‍ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുവെന്നും ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബിഎസി യോഗം വിളിച്ചിരുന്നുവെന്നും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പ്രഖ്യാപനം നടത്താന്‍ അദ്ദേഹം ഒരുങ്ങിയിരുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ ജെ.പി. നദ്ദ നടത്തിയ ഒരു പരാമര്‍ശവും പ്രസക്തമാണ്. ‘ഒന്നും രേഖപ്പെടുത്തില്ല, ഞാന്‍ പറയുന്നത് മാത്രമേ രേഖപ്പെടുത്തൂ’ എന്ന് നദ്ദ പറഞ്ഞത് അധ്യക്ഷന്റെ കസേരയിലിരുന്ന ഉപരാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ താന്‍ പ്രതിപക്ഷ എംപിമാരെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്നും അധ്യക്ഷനെ ഉദ്ദേശിച്ചല്ലെന്നുമായിരുന്നു നദ്ദയുടെ മറുപടി.
സര്‍ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ധന്‍കറിനോട് രാജി വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. പ്രതിപക്ഷ എംപിമാര്‍ നല്‍കിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ ധന്‍കര്‍ സ്വീകരിച്ചതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടായിരുന്നതായും അഭ്യൂഹങ്ങളുണ്ട്. ലോക്സഭയിലും രാജ്യസഭയിലും ഏകോപനമില്ലായ്മയുടെ ബലിയാടായി ഉപരാഷ്ട്രപതിയെ മാറ്റുകയായിരുന്നോ എന്ന വിലയിരുത്തലുകളുണ്ട്.
അപ്രതീക്ഷിത വിടവാങ്ങല്‍
2022 ഓഗസ്റ്റില്‍ ചുമതലയേറ്റ ധന്‍കറിന്റെ കാലാവധി 2027 വരെയായിരുന്നു. പ്രതിപക്ഷവുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ നടത്തിയ അദ്ദേഹത്തിനെതിരെ പ്രതിപക്ഷം പ്രമേയം വരെ കൊണ്ടുവന്നിരുന്നു. വി.വി. ഗിരിക്കും ആര്‍. വെങ്കിട്ടരാമനും ശേഷം കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ധന്‍കര്‍. എന്നാല്‍ മറ്റ് രണ്ടുപേരും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവെക്കുന്ന ആദ്യ ഉപരാഷ്ട്രപതിയാണ് അദ്ദേഹം.
ഉപരാഷ്ട്രപതിയുടെ രാജി സര്‍ക്കാരിനുള്ളിലെ ഒരു പ്രതിസന്ധിയുടെ തുടക്കം മാത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ധന്‍കറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും, ധന്‍കറിന്റെ അപ്രതീക്ഷിത രാജി വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കും . ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ നടപടികള്‍ താല്‍ക്കാലികമായി നിയന്ത്രിക്കും. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും.