JAGDEEP DHANKHAR| ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരുമായുള്ള ഭിന്നത; നിര്‍ണ്ണായകമായത് ഇംപീച്ച്‌മെന്റ് പ്രമേയം

Jaihind News Bureau
Thursday, July 24, 2025

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ സര്‍ക്കാരുമായുള്ള ഭിന്നതകളെന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിക്കാനുള്ള ധന്‍ഖറിന്റെ തീരുമാനം രാജിയിലേക്ക് നയിച്ച നിര്‍ണായക സംഭവമായി മാറി. മുന്‍ ഉപരാഷ്ട്രപതി ഉന്നയിച്ച ഒരുപിടി ആവശ്യങ്ങളെച്ചൊല്ലി സര്‍ക്കാരും അദ്ദേഹവും തമ്മില്‍ ഏറെക്കാലമായി നിലനിന്നിരുന്ന തര്‍ക്കങ്ങളുടെ ഒടുവിലത്തെ അധ്യായം മാത്രമായിരുന്നു ഇതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ നിന്ന് ഈ വര്‍ഷം ആദ്യം വന്‍തോതില്‍ പണം കണ്ടെടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന്റെ കാര്യത്തില്‍ ധന്‍ഖര്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അറിവായിട്ടുണ്ട്. ഈ നീക്കത്തില്‍ ആശങ്കാകുലരായ സര്‍ക്കാര്‍, പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം ഏകപക്ഷീയമായി അംഗീകരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ധന്‍ഖറിനെ പ്രേരിപ്പിക്കാന്‍ മൂന്ന് തവണ ശ്രമിച്ചു.

പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍, രാജ്യസഭാ നേതാവ് ജെ.പി. നദ്ദ എന്നിവര്‍ ഉപരാഷ്ട്രപതിയോട് കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് ഒരു സംയുക്ത ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ ഇടപെടലുകള്‍ അവഗണിച്ച്, രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ ഒപ്പ് തനിക്ക് ലഭിച്ചതായി ധന്‍ഖര്‍ പ്രഖ്യാപിക്കുകയായിരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് നാലോ അഞ്ചോ ദിവസം മുന്‍പ് തന്നെ, ജസ്റ്റിസ് വര്‍മയ്ക്കെതിരെ ലോക്സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ തീരുമാനം മന്ത്രി കിരണ്‍ റിജിജു ഉപരാഷ്ട്രപതിയെ അറിയിച്ചിരുന്നു. സമാനമായ പ്രമേയം രാജ്യസഭയിലും അവതരിപ്പിക്കുമെന്നും അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായി കൂടിക്കാഴ്ച നടത്തിയ ധന്‍ഖര്‍, പ്രതിപക്ഷ നേതാക്കള്‍ ശേഖരിച്ച ഒപ്പുകള്‍ ഔദ്യോഗികമായി സ്വീകരിക്കാനും അന്നുതന്നെ പ്രമേയം സഭയില്‍ പ്രഖ്യാപിക്കാനും തയ്യാറായി.

മററു തര്‍ക്ക വിഷയങ്ങള്‍

മറ്റു തര്‍ക്ക വിഷയങ്ങളും ധന്‍കറിന്റെ രാജിയ്ക്കു വഴി വച്ചതായി സൂചനകളുണ്ട്. സര്‍ക്കാരും ധന്‍ഖറും തമ്മിലുള്ള ഭിന്നത പെട്ടെന്നുണ്ടായതല്ല. മറ്റു പല വിഷയങ്ങളിലും മുന്‍പ് തന്നെ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനം അതിലൊന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി, ‘ഞാനും ഒരു വൈസ് പ്രസിഡന്റും അദ്ദേഹത്തിന്റെ തുല്യനുമാണ് , അതിനാല്‍ അദ്ദേഹവുമായി ഉന്നത കൂടിക്കാഴ്ച ഞാന്‍ നടത്തും’ എന്ന് ധന്‍ഖര്‍ പറഞ്ഞതായി ആരോപണമുണ്ട്. ഇതിനെത്തുടര്‍ന്ന് എന്‍ഡിഎയിലെ ഒരു മുതിര്‍ന്ന കാബിനറ്റ് മന്ത്രി അദ്ദേഹത്തെ വിളിച്ചിരുന്നതായും ജെ.ഡി. വാന്‍സ് അമേരിക്കന്‍ ഉപരാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രി മോദിക്കുള്ള യുഎസ് പ്രസിഡന്റിന്റെ സന്ദേശവുമായാണ് വരുന്നതെന്ന് വ്യക്തമാക്കേണ്ടി വന്നു.

ഇതുകൂടാതെ മന്ത്രിമാരുടെ ഓഫീസുകളില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ക്കൊപ്പം തന്റെ ഫോട്ടോയും പ്രദര്‍ശിപ്പിക്കണമെന്ന് ധന്‍ഖര്‍ ആവശ്യപ്പെട്ടതായും വൃത്തങ്ങള്‍ പറയുന്നു. ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എല്ലാ കാറുകളും മെഴ്സിഡസ് ബെന്‍സായി ഉയര്‍ത്തണമെന്നും അദ്ദേഹം പലതവണ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപണമുണ്ട്.

ഇതെല്ലാം രാജിക്കുള്ള കാരണമായി മാറി. ബിജെപി എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുന്‍പ്, മുന്‍കൂട്ടി അറിയിക്കാതെ ധന്‍ഖര്‍ രാഷ്ട്രപതി ഭവനിലെത്തി. ഏകദേശം 25 മിനിറ്റ് കാത്തിരുന്ന ശേഷം അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി സമര്‍പ്പിച്ചതിന് ശേഷവും, പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും രാജി സ്വീകരിക്കില്ലെന്നും ധന്‍കര്‍ പ്രതീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതുണ്ടായില്ല, ധന്‍ഖര്‍ സ്ഥാനമൊഴിയണമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ അപ്പോഴേക്കും തീരുമാനിച്ചിരുന്നു.