ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ രാജിവച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം രാജ്യസഭാ നടപടികള്‍ നിയന്ത്രിച്ച ശേഷമാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം.
‘ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും വൈദ്യോപദേശം പാലിക്കാനും ഇന്ത്യന്‍ ഭരണഘടനയുടെ 67(a) വകുപ്പ് പ്രകാരം ഉപരാഷ്ട്രപതി സ്ഥാനം രാജിവെക്കുന്നു,’ ധന്‍കര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നല്കിയ കത്തില്‍ പറഞ്ഞു. ഉപരാഷ്ട്രപതിയുടെ ഓഫീസ് ഈ കത്ത് പുറത്തുവിട്ടു.
2022ലാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്. 2019 മുതല്‍ 2022 വരെ ബംഗാള്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം കാലാവധി ഇനിയുമുളളപ്പോഴാണ് രാജി വച്ചത്.