‘സ്വർണ്ണം വരണം, പക്ഷെ പ്രവാസികള്‍ വരണമെന്ന് നിർബന്ധമില്ല’ : സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെയും സർക്കാരിനെയും ട്രോളി ജേക്കബ് തോമസ്

Jaihind News Bureau
Monday, July 6, 2020

 

സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ട്രോളി മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. ‘മുഖ്യവികസന മാർഗം’ എന്ന തലക്കെട്ടോടെയായിരുന്നു ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. പിണറായി സർക്കാർ പ്രവാസികളോട് കാണിക്കുന്ന നിഷേധാത്മക നിലപാടിനോട് ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

‘സ്വർണ്ണം പ്രവാസി നാട്ടില്‍ നിന്ന് വരണം. പ്രവാസികള്‍ വരണമെന്ന് നിർബന്ധമില്ല ! സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട് !’ – മുഖ്യവികസന മാര്‍ഗം എന്ന തലക്കെട്ടില്‍ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് കാലത്ത് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിവരുന്ന കാര്യത്തിലുള്‍പ്പെടെ നിഷേധാത്മക സമീപനമായിരുന്നു പിണറായി സർക്കാര്‍ സ്വീകരിച്ചത്. ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ സ്വയം വഹിക്കണമെന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രമേ വരാവൂ എന്ന നിലപാടുകളും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.