‘പുറത്തേക്ക്, മറ്റ് വഴിയില്ല ; തീരുമാനം എപ്പോള്‍?’ സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്

Jaihind News Bureau
Thursday, July 23, 2020

 

സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലായ പിണറായി സർക്കാരിന്‍റെ അവസ്ഥയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. മുമ്പ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞ ‘കടക്ക് പുറത്ത്’ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ സർക്കാരുള്ളതെന്ന വ്യംഗ്യത്തോടെ രണ്ട് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ രണ്ട് സ്ക്രീന്‍ ഷോട്ടുകളാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ ഷെയർ ചെയ്തിരിക്കുന്നത്. ചര്‍ച്ചയ്ക്കിടയില്‍ സ്ക്രീനി‍ലെ ഒരു വശത്തെ ദൃശ്യങ്ങളില്‍ എക്സിറ്റ് എന്നും നോ എക്സിറ്റ് എന്നും കാണിച്ചിരിക്കുന്നയിടങ്ങളില്‍ മുഖ്യമന്ത്രി നില്‍ക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. ചാനല്‍ ചര്‍ച്ച ബഹിഷ്കരിക്കാനുള്ള തീരുമാനം ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ജേക്കബ് തോമസ് പരോക്ഷമായി സൂചിപ്പിക്കുന്നു.

‘പുറത്തേക്ക് (EXIT) , വഴിയില്ല (NO EXIT) ,  തീരുമാനം എപ്പോള്‍ എടുക്കും’ – ജേക്കബ് തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. പുറത്തേക്കല്ലാതെ മറ്റ് വഴിയില്ല, തീരുമാനം എപ്പോള്‍ എന്ന് പരിഹസിക്കുന്നതാണ് സന്ദേശം. കടക്ക് പുറത്ത്, കറേജ് ടു ഫേസ് ക്വസ്റ്റ്യന്‍സ്, ഡെമോക്രസി, ലിബർട്ടി തുടങ്ങിയഹാഷ് ടാഗുകളോടെയാണ് ജേക്കബ് തോമസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.