‘പുസ്തകം എഴുതിയതിന് കേസന്വേഷണം നടക്കുന്നതിനാൽ ‘നല്ല അർഥ’ത്തിൽ എടുക്കാം’ ; മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് ജേക്കബ് തോമസ്

Jaihind News Bureau
Monday, November 23, 2020

 

തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതിയെ ‘നല്ല അർഥ’ത്തിൽ എടുക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ്. പുസ്തകം എഴുതിയതിന് എഫ്ഐആർ ഇട്ട് ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഇപ്പോഴും നടക്കുന്നതിനാൽ നല്ല അർഥത്തിൽ എടുക്കാമെന്ന് ജേക്കബ്ബ് തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.  സമൂഹ മാധ്യമങ്ങൾക്കു നരേന്ദ്ര മോദി മൂക്കുകയറിടുന്നുവെന്ന് 2014 ൽ ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരള പൊലീസ് നിയമ ഭേദഗതിയെ ന്യായീകരിക്കുന്നതിനെതിരെ വ്യാപക വിമർശനമാണുയർന്നത്.

അതേസമയം പ്രതിഷേധങ്ങള്‍ കനത്തതോടെ വിവാദ പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ സർക്കാർ തീരുമാനിച്ചു. നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും പിന്മാറുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിയമഭേദഗതിയില്‍ സര്‍ക്കാരിനെ തള്ളി സിപിഎം കേന്ദ്ര കമ്മറ്റിയും രംഗത്തെത്തിയിരുന്നു. ഭേദഗതി പുനപരിശോധിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നീക്കത്തില്‍ സിപിഐയും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്.