ന്യൂസിലാന്‍റിൽ തോക്കുകളുടെ വിൽപ്പന നിരോധിച്ചു; നിരോധനം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍

Jaihind Webdesk
Thursday, March 21, 2019

ന്യൂസിലാന്‍റിൽ തോക്കുകളുടെ വിൽപ്പന നിരോധിച്ചതായി  പ്രധാനമന്ത്രി ജസീന്ത ആർഡേന്‍റെ നിർദ്ദേശം. ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെടാനിടയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് വിൽപ്പന നിരോധിച്ചത്.

പ്രഹരശേഷിയുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പനയാണ് അടിയന്തിരമായി നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി ജസീന്ത ആർഡേൽ ഉത്തരവിറക്കിരിക്കുന്നത്. നിരോധനം നിലവിൽ വന്നാൽ പുതിയതായി തോക്കുകൾ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും. ഇനിയൊരു ഭീകരാക്രമണം രാജ്യത്ത് ഉണ്ടാവുന്നത് തടയാനാണ് ഇത്തരത്തിൽ തോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജസീന്ത മാധ്യമങ്ങളോട് പറഞ്ഞു. തോക്കുകളുടെ വിൽപന നിരോധനം നിലവിൽ വരുന്നതിന് മുൻപ് വൻതോതിൽ രാജ്യത്ത് തോക്കുകളുടെ വിൽപന നടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അധികം വൈകാതെ തന്നെ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾക്കും നിരോധനം ബാധകമാകും. നിലവിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ സർക്കാർ പണം നൽകി തിരികെ വാങ്ങും. അതേസമയം സർക്കാർ അനുവദിച്ച സമയ പരിതിയ്ക്കുള്ളിൽ ജനങ്ങളുടെ കൈവശമുള്ള തോക്കുകൾ തിരികെ നൽകിയില്ലെങ്കിൽ പിഴയും തടവും അടക്കമുള്ള കർശന നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ മാസം 15 നാണ് ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ മസ്ജിദിലും സമീപത്തെ ലിൻവുഡ് ഇസ്ലാമിക് സെന്‍ററിലെ മോസ്‌കിലുമാണ് ആക്രമണം നടന്നത്. മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പിൽ 50 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമത്തിന്‍റെ മുഖ്യ സൂത്രധാരനായ ഓസ്‌ട്രേലിയൻ പൗരൻ ബ്രണ്ടൻ ഹാരിസൺ ടാറന്‍റിനെ ന്യൂസിലാന്‍റ് ചർച്ച് പോലീസ് പിടികൂടിയിരുന്നു.