കർശന നിയന്ത്രണങ്ങളോടെ ജമ്മു-കശ്മീരില്‍ ഇന്‍റര്‍നെറ്റ് നിരോധനത്തിന് ഇളവ് ; സോഷ്യല്‍ മീഡിയ നിരോധനം തുടരും

കർശന നിയന്ത്രണങ്ങളോടെ ജമ്മു-കശ്മീരില്‍ ഇന്‍റര്‍നെറ്റ് നിരോധനത്തിന് ഇളവ് അനുവദിച്ചു. മൊബൈലില്‍ 2 ജി സേവനം മാത്രമായിരിക്കും ലഭ്യമാകുക. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ ബ്രോഡ്ബാന്‍ഡ് സൌകര്യം അനുവദിക്കും. എന്നാല്‍ സോഷ്യല്‍ മീഡിയ നിരോധനം തുടരും. ജമ്മു-കശ്മീരില്‍ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.

ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് പ്രകാരം അടുത്ത ഏഴ് ദിവസത്തേക്ക് കശ്മീരിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപാധികളോടെ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചതിന് ശേഷമാകും തുടർന്നുള്ള നടപടി.  ആശുപത്രികൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ നല്‍കുന്ന സ്ഥാപനങ്ങളിലാവും ബ്രോഡ്ബാന്‍ഡ് സൌകര്യം ലഭ്യമാക്കുക.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, ടൂർ, യാത്രാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകുമെന്ന് ഉത്തരവിൽ പറയുന്നു. എന്നാല്‍ ഫയർവാളുകളിലൂടെ സുരക്ഷിതത്വം ഉറപ്പാക്കി വേണം ഇത് ചെയ്യാനെന്നും ഉത്തരവില്‍ പറയുന്നു. സൈബർ വിംഗിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും ഈ സേവനങ്ങള്‍.

Jammu-Kashmir
Comments (0)
Add Comment