രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ; പാലായില്‍ 21 കാരി ദിയ ബിനു സത്യപ്രതിജ്ഞ ചെയ്തു

Jaihind News Bureau
Friday, December 26, 2025

കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ ദിയ ബിനു പുളിക്കക്കണ്ടം ചരിത്രവിജയം നേടി. 21 വയസ്സുകാരിയായ ദിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്ന അപൂര്‍വ്വ നേട്ടത്തിന് കൂടി ഇതോടെ അര്‍ഹയായി. 26 അംഗ നഗരസഭയില്‍ 14 വോട്ടുകള്‍ നേടിയാണ് ദിയ അധികാരം പിടിച്ചെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 12 വോട്ടുകള്‍ ലഭിച്ചു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈകാരികമായാണ് ദിയ പ്രതികരിച്ചത്. ‘ഇത് കാലം കാത്തുവച്ച കാവ്യനീതിയാണ്’ എന്നായിരുന്നു ദിയയുടെ ആദ്യ വാക്കുകള്‍. ജനങ്ങള്‍ നല്‍കിയ വിധിയാണിതെന്നും എല്ലാവരെയും ഉള്‍പ്പെടുത്തി നഗരസഭയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ദിയ പറഞ്ഞു. മായ രാഹുലാണ് പുതിയ വൈസ് ചെയര്‍പേഴ്‌സണ്‍. പാലാ എംഎല്‍എ മാണി സി. കാപ്പന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഭരണം നഷ്ടമാകുന്നത്. എല്‍ഡിഎഫിന് 12-ഉം യുഡിഎഫിന് 10-ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പുളിക്കക്കണ്ടം ബിനുവിന്റെ നേതൃത്വത്തില്‍ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ദിയ, ബിനു, ബിജു എന്നിവരും മറ്റൊരു സ്വതന്ത്ര അംഗമായ മായ രാഹുലും യുഡിഎഫിനെ പിന്തുണച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.