വൈകിപ്പോയി പിണറായീ… ഇതാണ് യഥാർത്ഥ ‘ലൈഫ്’

Jaihind News Bureau
Tuesday, December 29, 2020

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഉള്ളം പിളർക്കുന്ന ഒരു ദൃശ്യവും ഒരു യുവാവിന്‍റെ ചോദ്യവുമുണ്ട്. ”നിങ്ങളൊക്കെക്കൂടിയാണ് എന്‍റെ അച്ഛനെ കൊന്നത്…  ഇനി അടക്കാനും സമ്മതിക്കില്ലേ ? ഏതൊരു ശിലാഹൃദയന്‍റെയും മനസുരുക്കുന്ന ചോദ്യമാണ് ഈ യുവാവ് കേരളത്തോടും ഭരണകൂടത്തോടും മുഖത്തുനോക്കി ചോദിക്കുന്നത്.

നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മകന്‍റെ ചോദ്യം. അവന്‍റെ അച്ഛനും അമ്മയും ജീവനോടെ ഇരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ഒരു ഭരണകൂടത്തിനും ഒരു രാഷ്ട്രീയത്തിനും സാധിച്ചില്ല. സമൂഹമാധ്യമങ്ങളില്‍ ഈ സംഭവം പ്രതിഷേധപർവമായി കത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. കുട്ടികളെ സർക്കാർ ഏറ്റെടുക്കുമെന്നും വീട് വെച്ചുനല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ പിണറായീ, താങ്കള്‍ വൈകിപ്പോയി. അവരുടെ മാതാപിതാക്കള്‍ ജീവനോടെ ഇരിക്കുമ്പോള്‍സഹായിക്കാന്‍ താങ്കള്‍ക്കും താങ്കളുടെ ഭരണകൂടത്തിനും കഴിഞ്ഞില്ല. സ്വന്തം അച്ഛന് കുഴി വെട്ടുമ്പോള്‍ പോലും താങ്കളുടെ പൊലീസ് അവരുടെ ഭാഷാശേഖരത്തിലുള്ള എടാ എന്ന സംബോധനയോടെ നിർത്താന്‍ ആവശ്യപ്പെടുന്ന, ധിക്കാരത്തിന്‍റെ ഭാഷ  പ്രയോഗിക്കുന്നത് എത്രമാത്രം ലജ്ജാകരമാണ്. താങ്കളുടെ മുന്നണിയുടെയും സർക്കാരിന്‍റെയും സൂക്തമായ ‘എല്ലാം ശരിയാക്കും’ എന്ന് പറഞ്ഞതിനെ സാധൂകരിക്കുന്നതാണോ ഇത്.

താങ്കളുടെ സർക്കാർ ഏറെ കൊട്ടിഘോഷിച്ച പദ്ധതിയായിരുന്നല്ലോ ലൈഫ് മിഷന്‍. പാവപ്പെട്ടവർക്ക് കിടപ്പാടം ഉണ്ടാക്കാന്‍ കോടികള്‍ ചെലവഴിച്ച് അതിന്‍റെ കമ്മീഷനടിച്ച താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ളവരെ വാക്കുകള്‍ കൊണ്ട് ഇപ്പോഴും വെള്ളപൂശുന്ന അങ്ങേയ്ക്ക് സാധാരണക്കാരന്‍റെ ജീവിതം അറിയില്ല എന്ന് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും ചിന്തിച്ചുപോയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ ? പി.ആർ ഏജന്‍സികളിലെ കണ്ടന്‍റ് റൈറ്റർമാരുടെ ചിന്തകളില്‍ നിന്ന് രൂപപ്പെടുന്ന അക്ഷരങ്ങള്‍ കൊണ്ട് താങ്കളെ മഹത്വവത്ക്കരിച്ച് വിശുദ്ധിയുടെ പട്ടം ചാട്ടം ചാർത്തിത്തരുന്നത് സാധാരണക്കാരന്‍റെ നികുതിപ്പണം കൊണ്ടാണ്. ആ നികുതിപ്പണം നല്‍കുന്ന രാജനും മക്കള്‍ക്കും അന്തസോടെ ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെയാണ് താങ്കളുടെ പൊലീസ് തകർത്തുകളഞ്ഞത്.

പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ വസതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയപ്പോള്‍ പാർട്ടി സെക്രട്ടറിയുടെ കൊച്ചുമകള്‍ക്ക് പാലും ബിസ്ക്കറ്റും കിട്ടിയില്ല എന്ന് പറഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ ബാലാവകാശ കമ്മീഷനെയും നമ്മള്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടില്ല. ഇപ്പോള്‍ മുഖം മിനുക്കാനായി പൊലീസിന്‍റെ വലിയ ഏമാന്‍ ലോക്നാഥ് ബെഹ്റയുടെ അന്വേഷണ ഉത്തരവും എത്തിയിട്ടുണ്ട്.

പാർപ്പിടവും ഭക്ഷണവും വസ്ത്രവും മൌലികാവകാശമാണെന്ന് ഉറപ്പുനല്‍കുന്ന ഭരണഘടനയെ സാക്ഷി നിർത്തിയാണ് താങ്കളും സർക്കാരും പ്രവർത്തിക്കുന്നതെന്ന് നൂറുവട്ടം ആണയിടുമ്പോഴും രാജനെയും ഭാര്യയെയും മരണത്തിലേക്ക് തള്ളിവിട്ടത് താങ്കളുടെ പൊലീസ് തന്നെ. ഭക്ഷണം കഴിക്കുമ്പോള്‍ രാജന്‍റെ കുത്തിന് പിടിച്ച് കുടിയിറക്കാന്‍ ശ്രമിച്ചതും തുടർന്ന് അവരെ മരണത്തിലേക്ക് തള്ളിവിട്ടതും താങ്കളുടെ പൊലീസാണ്. പൊലീസും താങ്കളുടെ ആഭ്യന്തരവകുപ്പും മാപ്പ് അർഹിക്കുന്നില്ല. ഉറ്റവരെ നഷ്ടപ്പെട്ടതിന് ശേഷം സാന്ത്വനത്തിന്‍റെ തലോടലായി താങ്കള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വീടും കുട്ടികള്‍ക്ക് സംരക്ഷണവും എന്ന പ്രഖ്യാപനം വൈകിപ്പോയി പിണറായീ… കേരളം നമ്പർ വണ്‍ ആണെന്ന് പി.ആർ ഏജന്‍സികളെക്കൊണ്ട് വാഴ്ത്തുപാട്ട് പാടിക്കുമ്പോള്‍ യഥാർത്ഥത്തില്‍ ലജ്ജിക്കണം പിണറായീ…