കണക്കു തീര്‍ത്തത് പഹല്‍ഗാമിന് മാത്രമല്ല; ‘പക’ അത് വീട്ടാനുള്ളതാണ്

Jaihind News Bureau
Wednesday, May 7, 2025

പഹല്‍ഗാമില്‍ വീണ സ്ത്രീകളുടെ കണ്ണീരിന് മാപ്പില്ല. ആക്രമണം നടന്ന് 15 ദിനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രതികാരത്തിന് പ്രധാനമന്ത്രി ഒരു പേരിട്ടു- ‘ഓപ്പറേഷന്‍ സിന്ദൂര്‍’. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളായ 26 നിരപരാധികളെയാണ് പാക് ഭീകരര്‍ ക്രൂരമായി കൊന്നത്. സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം എന്നന്നേയ്ക്കുമായി മായ്ക്കാന്‍ ഇടയാക്കിയ ഭീകരരുടെ ആക്രമണത്തെ മറക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. അതിനാല്‍, മുറിവുകള്‍ ഉണങ്ങും മുന്നേ കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ട്.

എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടി മാത്രമല്ലിത്. പാകിസ്ഥാന്‍ മണ്ണില്‍ 100 കിലോമീറ്റര്‍ വരെ അകത്ത് കയറിയാണ് ഇന്ത്യ 9 ഭീകര കേന്ദ്രങ്ങളെ നശിപ്പിച്ചത്. അതില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ആക്രമണമായിരുന്ന മുംബൈ ഭീകരാക്രമണവും, പത്താന്‍കോട്ട് ആക്രമണവും അടക്കം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ, ഭീകരര്‍ക്ക് അതിനുള്ള പരിശീലനം നല്‍കിയ ക്യാമ്പുകള്‍ വരെയുണ്ട്. ഇന്ത്യയുടെ പ്രതികാരം അത് വ്യക്തമാണ്. ലക്ഷ്യം ഒന്നേയുള്ളൂ. ആക്രമണത്തിന് കനത്ത തിരിച്ചടി. അത് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പ്രതികാരത്തില്‍ നീറിയൊടുങ്ങുന്ന പാകിസ്ഥാന് ഇനി രക്ഷയില്ല. ഒരു രാഷ്ട്രം ആക്രമണത്തിന് പൂര്‍ണ പിന്തുണ സൈന്യത്തിന് നല്‍കണമെങ്കില്‍ അത് ഇന്ത്യയാകണം. ഇനിയൊരു ആക്രമണത്തിന് മുതിരുമ്പോള്‍ പാകിസ്ഥാന്റെ ഓര്‍മയില്‍ അതുണ്ടാകണം.