യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയ ‘ഇതിവൃത്തം’; സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നേടി ഹ്രസ്വചിത്രം

Jaihind Webdesk
Wednesday, March 6, 2024

 

സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി നേടി ഷോർട്ട് ഫിലിം ‘ഇതിവൃത്തം’. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളുടെ തന്മയത്വമാർന്ന പ്രകടനം കൊണ്ടും ചിത്രം പ്രേക്ഷകപ്രശംസ നേടി മുന്നേറുന്നു. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഇതിവൃത്തം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ജെ.എസ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ ഡോ. സിദ്ധാർത്ഥ് വി. നായരാണ്. സ്‌കൈലാർക്ക് പിക്‌ച്ചേഴ്‌സ് എന്‍റർടെയ്ൻമെന്‍റാണ് ഇതിവൃത്തം പ്രദർശനത്തിനെത്തിച്ചത്.

വിഷ്ണു ജെ.എസ്, രാജേഷ് ജയകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം സുജീഷ് കുരുവിള, ജോയ്, ലിബിൻ എ. സലിം എന്നിവരാണ്. നിരവധി ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിഷ്ണു സിനിമയിലും സജീവമാണ് . യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഇതിവൃത്തത്തിൽ സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ വിഷ്ണുവിന്‍റെ കയ്യടക്കം പ്രകടമാണ്. ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത രാജേഷ് ജയകുമാർ തന്നെയാണ് എഡിറ്റിംഗും കളറിംഗും നിർവഹിച്ചിരിക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിൽ വേഷമിട്ട രാജേഷ് ഏതാനും ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഇതിനോടകം സിനിമകളുടെ എഡിറ്റിംഗും നിർവഹിച്ചു. രാജേഷ് സംവിധാനം ചെയ്ത മല്ലികാ സുകുമാരന്‍ വേഷമിട്ട ‘തണല്‍ തേടി’ എന്ന സംഗീത ആല്‍ബം  ഏറെ ശ്രദ്ധേയമായിരുന്നു. സുജാതാ മോഹന്‍ ആലപിച്ച ‘ദൂരമറിയാത്ത യാത്ര’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ നെഞ്ചേറ്റി. വേണു ശശിധരൻ ലേഖയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സിനിമകൾക്കു വേണ്ടിയും വേണു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

 

 

മിഥുൻ എം.എസാണ് ഇതിവൃത്തത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സഹ സംവിധാനം – സൂര്യ വൈശാഖ്, സഹ ഛായാഗ്രഹണം – അനന്തു അജയൻ, സൗണ്ട് ഡിസൈൻ – വിപിൻ എം. ശ്രീ, മേക്കപ്പ് – സിനിലാൽ, സ്റ്റിൽസ് – സൂര്യ വൈശാഖ്, ഡെന്റൽ പ്രോസ്‌തെറ്റിക്‌സ് – അമൽ മാത്യു, ലൊക്കേഷൻ മാനേജർ – ശബരി സനൽ, ഗോകുൽ ജെ.എസ്., കോസ്റ്റിയൂംസ് – അനി കുമാർ.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രം സാങ്കേതിക മികവോടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. രാത്രി മോഷണത്തിനായി ഒരു വീട്ടിൽ കള്ളൻ കയറുന്നതും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് 14 മിനിറ്റ് കൊണ്ട് ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. കഥാപാത്രങ്ങളുടെ അഭിനയ മികവ് കൊണ്ടും ഉദ്വേഗം ജനിപ്പിക്കുന്ന കഥാഗതി കൊണ്ടും ചിത്രം പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്.

 

 

ഷോർട്ട് ഫിലിം കാണാം: