ഇറ്റലിയിൽ 51 കുട്ടികളുമായി ഡ്രൈവർ സ്‌കൂൾ ബസ് തട്ടിക്കൊണ്ടുപോയി തീ കൊളുത്തി. പോലീസിന്‍റെ ഇടപെടൽ മൂലം കുട്ടികളെ സാഹസികമായി രക്ഷപെടുത്തി. ഇറ്റലിയിലെ മിലാനിൽ വയ് ലാറ്റി ഡി ക്രെമയിലെ സ്‌കൂളിൽനിന്നുള്ള കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്.
ബസിൽ ഉണ്ടായിരുന്ന കുട്ടികളിൽ ചിലരെ ബസിനുള്ളിൽ തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നു. പോലീസിൻറെ ബസിൻറെ പിന്നിലെ ചില്ല് തകർത്ത് അകത്ത് കടന്ന് കുട്ടികളെ രക്ഷപെടുത്തി. ഏതാനും കുട്ടികൾക്ക് നിസാര പരിക്കേറ്റു. 14 പേർക്ക് ശ്വാസതടസം അനുഭവപ്പെട്ടു.
ബസിൽ ഉണ്ടായിരുന്ന കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയും ഇവർ പോലീസിൽ അറിയിക്കുകയുമായിരുന്നു. ഹൈവേയിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ബസ് മറ്റു വാഹനങ്ങളിൽ ഇടിച്ച് തകർക്കാൻ ഡ്രൈവർ ശ്രമിച്ചു. ബസിൽ തീ ആളിപ്പടരുന്നതിനു മുമ്പ് കുട്ടികളെ രക്ഷിക്കാനായി.
ബസ് പൂർണമായും കത്തി നശിച്ചു. സംഭവുമായി ബന്ധപ്പെട്ട് സെനഗലിൽനിന്നുള്ള ഇറ്റാലിയൻ പൗരത്വമുള്ള നാൽപ്പത്തിയഞ്ചുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബസിൽ കുട്ടികളുടെ അധ്യാപകനും ഉണ്ടായിരുന്നു. ഇറ്റലിയുടെ അഭയാർഥി നയത്തിൽ പ്രതിഷേധിച്ചാണ് ഡ്രൈവർ ബസ് തട്ടിയെടുത്തതെന്നാണ് അധ്യാപകൻ പറയുന്നത്.