ഇന്നും മഴ കനക്കും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

Jaihind Webdesk
Tuesday, August 20, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു ഇവയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ലഭിക്കുന്ന മഴ നാളെയോടുകൂടി കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽ കാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. അതേസമയം ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.