ന്യൂഡല്‍ഹി: കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദവിയിൽനിന്നു മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യമാണെന്നും അത് നിയമപരമാണോ എന്നതിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ കഴിഞ്ഞ ബുധനാഴ്ച തീരുമാനിച്ചിരുന്നു. പിന്നാലെ കലാമണ്ഡലം ചാന്‍സിലര്‍ പദവിയിൽനിന്ന് ഗവർണറെ പുറത്താക്കി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. ചാൻസിലറുടെ അസാന്നിധ്യത്തിൽ, പ്രോ ചാൻസിലറായ സാംസ്കാരിക മന്ത്രി വി.എൻ വാസവനാണ് ചുമതല നിർവഹിക്കുക. അതേസമയം ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ നിലപാട്.