മഹാരാഷ്ട്ര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പി.ചിദംബരം; രാഷ്ട്രപതിയുടെ ഓഫീസിന് നേരെയുണ്ടായ അതിക്രമവും ഭരണഘടനയുടെ ഏറ്റവും ഗുരുതരമായ ലംഘനവുമെന്നും വിമര്‍ശനം

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനെ അവരോധിക്കാനുള്ള ശ്രമങ്ങളും അതിനോടനുബന്ധിച്ചുള്ള നാടകീയ സംഭവങ്ങളും ചൂണ്ടിക്കാട്ടി ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. രാഷ്ട്രപതിയുടെ ഭരണം റദ്ദാക്കുന്ന ഉത്തരവ് ലഭിക്കാൻ പുലർച്ചെ 4 മണിക്ക് അദ്ദേഹത്തെ ഉണർത്തുന്നത് രാഷ്ട്രപതിയുടെ ഓഫീസിൽ അതിക്രമം നടത്തുന്നതിന് തുല്യമാണെന്ന് ചിദംബരം പറഞ്ഞു.

2019- ലെ ഭരണഘടന ദിനത്തിന്‍റെ ഓർമ്മയായി അവശേഷിക്കുക നവംബർ 23-നും 26- നും ഇടയിൽ മഹാരാഷ്ട്രയിൽ നടന്ന സംഭവങ്ങളാണെന്നും അതാകട്ടെ, ഭരണഘടനയുടെ ഏറ്റവും ഗുരുതരമായ ലംഘനമാണെന്നും ചിദംബരം പറഞ്ഞു.

“രാഷ്ട്രപതി ഭരണം റദ്ദാക്കുന്ന ഉത്തരവിൽ ഒപ്പിടാൻ പുലർച്ചെ 4.00 ന് രാഷ്ട്രപതിയുടെ ഓഫീസിനെ വിളിച്ചുണർത്തിയത് അതിക്രമമാണ്. എന്തുകൊണ്ടാണ് രാവിലെ 9.00 വരെ കാത്തിരിക്കാൻ കഴിയാത്തത്” എന്ന് ട്വീറ്റില്‍ ചിദംബരം ചോദിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയായി തീഹാര്‍ ജയിലിൽ കഴിയുന്ന ചിദംബരത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തത്.

P. Chidambaram
Comments (0)
Add Comment