മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം വയനാടിനു വേണ്ടി മാത്രമെ വിനിയോഗിക്കുവെന്ന്  ഉറപ്പുവരുത്തണം; പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍

Tuesday, August 6, 2024

 

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം വയനാടിനു വേണ്ടി മാത്രമെ വിനിയോഗിക്കുവെന്ന്  ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. 2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങള്‍ക്കും ചെലവഴിച്ചിട്ടുണ്ട്. അതിനാല്‍ വയനാട്ടിലെ ഏതെല്ലാം കാര്യങ്ങള്‍ക്ക് ആ പണം ഉപയോഗിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഈ വിഷയം രാഷ്ട്രീയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും  വി. ഡി. സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്നും പകരം രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കുമെന്ന ധാരണയിലാണ് യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചതെന്നും കഴിഞ്ഞ തവണത്തേതു പോലുള്ള സംഭവം ഇത്തവണ നടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ പറഞ്ഞെന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് സിപിഎമ്മുകാരാണ് പ്രചരിപ്പിച്ചതെന്നും അല്ലാതെ പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും  വി. ഡി. സതീശന്‍ വ്യക്തമാക്കി.