കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കേരളത്തിൽ ചെറുപ്പക്കാർക്ക് ഭാവിയുറപ്പില്ലാത്ത അവസ്ഥയിലാണെന്ന് കടുത്ത വിമർശനം ഉന്നയിച്ചു. വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലകളിലും പ്രതീക്ഷ നഷ്ടപ്പെട്ട മിടുക്കരായ യുവജനത വിദേശങ്ങളിലേക്ക് ഒഴുകുകയാണ്. മികച്ച വിദ്യാഭ്യാസം നേടിയ യുവാക്കളെ നാട്ടിൽ തന്നെ നിലനിര്‍ത്താൻ കഴിയാത്തത് ഭരണകൂടങ്ങളുടെ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിയുയർത്താനാവാത്ത സാഹചര്യമാണ് ചെറുപ്പക്കാരെ നാട്ടു വിടാൻ പ്രേരിപ്പിക്കുന്നതെന്നും കർഷകരുടെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടനാട്ടിൽ നെല്ലിനു ആവശ്യമായ വില ലഭിക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. താങ്ങുവില ഉയർത്താൻ സർക്കാർ താല്പര്യമില്ലെന്നത് കർഷകരോടുള്ള അവഗണനയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനങ്ങള്‍ക്ക് എതിരെയുള്ള വിവിധ നയങ്ങള്‍ക്കെതിരെ നടത്തിയ കര്‍ഷക രക്ഷ നസ്രാണി മുന്നേറ്റ ലോങ്ങ് മാര്‍ച്ചിന്‍റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
കേരളത്തിൽ വന്യജീവി ആക്രമണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലുപേർ മൃഗവേട്ടയ്ക്കിരയായി. എന്നാൽ ഇതിന് പരിഹാരമെന്നോ, സുരക്ഷയെന്നോ സർക്കാരുകൾ ഒന്നും ചെയ്യുന്നതായി കാണില്ല. സംസ്ഥാനവും കേന്ദ്രവും പരസ്പരം കുറ്റം ചുമത്തുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. ജനങ്ങളുടെ ജീവൻ സർക്കാരിന് വിലകുറഞ്ഞതാണെന്ന് ഈ അവസ്ഥ തെളിയിക്കുകയാണെന്നും മാർ തോമസ് തറയിൽ വിമർശിച്ചു.
“തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ മാത്രം നൽകുന്ന രാഷ്ട്രീയ കക്ഷികളെ അന്തമായി പിന്തുടരുന്നവരല്ല കേരളത്തിലെ ക്രൈസ്തവർ,” – ആർച്ച് ബിഷപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ 17% ക്രൈസ്തവർ വോട്ട് ബാങ്കായി മാത്രം കാണുന്ന സമീപനം രാഷ്ട്രീയ പാർട്ടികൾ പുനർവിചിന്തനം ചെയ്യണമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. അവഗണന തുടർന്നാൽ ഏകോപിതമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനോട് സർക്കാർ കാണിക്കുന്ന സമീപനം ദൗർഭാഗ്യകരമാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഈ സ്ഥാപനങ്ങളിൽ നിയമനങ്ങൾ തടഞ്ഞുവയ്ക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. “എയ്ഡഡ് സ്ഥാപനങ്ങൾ ഇല്ലാതായാൽ കേരളത്തിലെ പൊതുസമൂഹത്തിനാകും ഏറ്റവും വലിയ പ്രതിസന്ധി നേരിടേണ്ടി വരിക,” – മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.