‘മുന്‍ സ്റ്റാഫ് അംഗം, ഡയാലിസിസിന് വിധേയമാകുന്ന 72കാരന്‍’; സംഭവം ഞെട്ടിച്ചുവെന്ന് ശശി തരൂർ

Jaihind Webdesk
Thursday, May 30, 2024

 

ന്യൂഡല്‍ഹി: തന്‍റെ മുന്‍ സ്റ്റാഫ് അംഗം ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ സംഭവം ഞെട്ടിക്കുന്നതെന്ന് ഡോ. ശശി തരൂർ. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ അനുകമ്പയുടെയും സഹാനുഭൂതിയുടെയും അടിസ്ഥാനത്തില്‍ താൽക്കാലികമായി തന്‍റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും തരൂർ വ്യക്തമാക്കി. നിയമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നും ശശി തരൂർ എക്സിൽ വ്യക്തമാക്കി.

ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ രണ്ടു പേർ പിടിയിലായിരുന്നു. ഇതിൽ ഒരാളായ ശിവകുമാർ പ്രസാദാണ് ശശി തരൂർ എംപിയുടെ പിഎ എന്ന അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാല്‍ ശശി തരൂരിന്‍റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഇക്കാര്യം ശശി തരൂരും സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ധർമ്മശാലയിലാണ് താനെന്നും സംഭവം ഞെട്ടിച്ചുവെന്നും തരൂർ എക്സില്‍ കുറിച്ചു.