ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തുന്നത് പരിഹാസ്യം: വി ഡി സതീശന്‍

Jaihind News Bureau
Monday, April 21, 2025

സ0സ്ഥാനത്ത് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ നാലാം വാര്‍ഷികാഘോഷമെന്ന പേരില്‍ ധൂര്‍ത്തു നടത്തുന്നത് പരിഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടികള്‍ ചെലവഴിച്ചാണ് ആഘോഷമെല്ലാം നടത്തുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങി, ജലജീവന്‍ മിഷന് കൊടുക്കാന്‍ പണമില്ല, ആശമാര്‍ ദിവസങ്ങളായി സമരം ചെയ്യുന്നു. ഇതിനൊന്നും പണമില്ലാത്ത സര്‍ക്കാരാണ് കോടികള്‍ മുടക്കി പ്രചരണ മാമാങ്കം നടത്തുന്നത് . ജനങ്ങളുടെ മുന്നില്‍ പിണറായി ഒരു പരിഹാസ കഥാപാത്രമായി മാറരുത് മുഖ്യമന്ത്രി ചെയ്യേണ്ടത് ഈ മാമാങ്കം അവസാനിപ്പിച്ച് ആ പണം ആശമാര്‍ക്കു കൊടുക്കണമെന്ന് പ്രഖ്യാപിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഈ ആഘോഷങ്ങളില്‍ നിന്ന് പിന്മാറാന്‍ ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളസര്‍ക്കാരിനും മുഖ്യമന്ത്രിക്കെതിരേയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയും ഏജന്‍സികളും തമ്മില്‍ ധാരണയിലാണ്. മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്. രാഷ്ട്രീയമായി ഇരുകൂട്ടരും ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് വ്യാജമായി തട്ടിക്കൂട്ടിയതാണ്. നിയമപരമല്ലാത്തത് ഒന്നും യങ് ഇന്ത്യ ചെയ്തിട്ടില്ല. സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ല. നിയമപരമായാണ് പാര്‍ട്ടി കേസിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.