ഇ-മൊബിലിറ്റി അഴിമതിയില്‍ മന്ത്രി എ.കെ ശശീന്ദ്രനെ വിമർശിച്ച് കെ.എം ഷാജി എംഎല്‍എ. സ്വന്തം വകുപ്പിലെ 4500 കോടി രൂപയുടെ ഇടപാട് അറിയില്ലെന്ന മന്ത്രിയുടെ പ്രതികരണം പരിഹാസ്യവും സംശയാസ്പദവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ഒരു ഡയറക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ മകളുമായി നല്ല ബന്ധമുണ്ട്. അത് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ മകളെ ഉപയോഗിച്ച് മുഖ്യമന്ത്രി അഴിമതിക്ക് കോപ്പ് കൂട്ടുകയാണെന്നും കെ.എം ഷാജി പറഞ്ഞു.
ആരോപണമുന്നയിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്റിനേയുമെല്ലാം ശരിയാക്കി കളയുമെന്ന് പറഞ്ഞ് കാര്യമില്ല. ആദ്യം 4500 കോടി രൂപയുടെ ഇടപാടില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആര്‍ഡിഡി ഓഫീസിന് മുന്നില്‍ കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയന് (KHSTU) നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മന്ത്രിമാരേയും മുഖ്യമന്ത്രി നിശ്ചലമാക്കുകയാണ്. അതിന്റെ ഭാഗമായിട്ട് കൂടിയാണ് അഴിമതിയെ കുറിച്ച് അറിയാന്‍ പോലും കഴിയാനാവാത്ത തരത്തില്‍ ഗതാഗതമന്ത്രിയെ മുഖ്യമന്ത്രി മൂകനാക്കിയതെന്നും കെ.എം ഷാജി ആരോപിച്ചു. കേരളത്തിലുള്ളത് മന്ത്രിസഭയല്ല, തള്ള് സഭയാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നടത്താന്‍ ഭരണത്തിന്റെ സാധ്യത മുഖ്യമന്ത്രി പരമാവധി ഉപയോഗപ്പെടുത്തുകയാണെന്നും തെളിയിക്കപ്പെടാത്തത് കൊണ്ട് ആരോപണം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് ഇടപാട് നടത്തുന്നത് കൊണ്ടാണ് തെളിവ് ലഭിക്കാത്തതെന്നും കെ.എം. ഷാജി പറഞ്ഞു.